അബൂദബി: കരാട്ടേ ചാംപ്യന്‍ഷിപ്പില്‍ വീണ്ടും വിസ്മയകരമായ മത്സരത്തിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. വിന്നര്‍ കപ്പ് -2023 അന്തര്‍ദേശീയ കരാട്ടേ ചാംപ്യന്‍ഷിപ്പ് മെയ് 21ന് അബൂദബി അല്‍ ജസീറ ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നേരത്തെ മൂന്നുവയസ്സുകാരന്റെ വിസ്മയകരമായ പ്രകടനത്തിന് വേദിയൊരുക്കിയ വിന്നേഴ്‌സ് കരാട്ടേ ക്ലബ്ബാണ് ഇത്തവണയും യുഎഇ കരാട്ടേ ഫെഡറേഷന്റെ സഹകരണത്തോടെ മത്സരം സംഘടിപ്പിക്കുന്നത്.മത്സരത്തില്‍ പങ്കെടുക്കുന്നതിനായി അഞ്ചു വയസ്സുമുതല്‍ 55 വരെ പ്രായമുള്ളവര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും ഇന്ത്യ, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുക.
കത്ത (ആയോധനാ കലാ പ്രയോഗ രീതികള്‍), കുമിത്തെ (ഫൈറ്റിങ്) എന്നീ ഇനങ്ങളിലാണ് മല്‍സരം നടക്കുക. ഇത് മൂന്നാം തവണയാണ് അന്താരാഷ്ട്ര തലത്തിലുള്ള മ്തസരത്തിന് വിന്നേഴ്‌സ് കരാട്ടെ വേദിയൊരുക്കുന്നത്.വിജയികള്‍ക്ക് മെഡലുകളും ട്രോഫികളും സമ്മാനിക്കും. സ്ത്രീ-പുരുഷ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. കരാട്ടേ ഫെഡറേഷന്റെ അംഗീകാരമുള്ള റഫറിമാരാണ് മല്‍സരങ്ങള്‍ നിയന്ത്രിക്കുക.
സൈബര്‍ ലോകത്ത് മാത്രം ഒതുങ്ങിപ്പോവാതെ ആരോഗ്യമുള്ള ജീവിതശൈലി കരസ്ഥമാക്കേണ്ടതിന്റെ പ്രധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുക കൂടിയാണ് ആയോധന കലകളിലൂടെ ചെയ്യുന്നതെന്ന് വിന്നര്‍ കരാട്ടേ ക്ലബ് അധികൃതര്‍ പറഞ്ഞു. വാര്‍ഷിക പരിശീലന ക്യാംപ്, സമ്മര്‍ ക്യാംപ്, ഇന്റര്‍ഡോജോ ചാംപ്യന്‍ഷിപ്പ്, തുടങ്ങിയ പരിപാടികളും വിന്നേഴ്‌സ് നടത്തിവരുന്നുണ്ട്.ഈ മാസം 21ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് 0502442313 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വാര്‍ത്താസമ്മേളനത്തില്‍ വിന്നര്‍ കരാട്ടേ ക്ലബ് മാനേജിങ് ഡയറക്ടര്‍ എം.എ. ഹക്കീം, സഗീര്‍ അറയ്ക്കല്‍, അരുണ്‍ കൃഷ്ണന്‍, ഷൗക്കത്ത് വള്ളിയത്ത്, നെമീര്‍, ഗോപകുമാര്‍, യൂനുസ്, നൗഷാദ്, ഫിറോസ് ഖാന്‍, നസീകര്‍ പാങ്ങോട് പങ്കെടുത്തു.