അബൂദബി: ലുലു ഗ്രൂപ്പ് ഈജിപ്തില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ അബുദബി ഭരണകൂടം 7500 കോടി നിക്ഷേപിക്കാന്‍ ധാരണയായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും രാജകുടുംബാംഗമായ ശൈഖ് താനൂന്‍ ബിന്‍ സായിദ് ആല്‍ നെഹ്‌യാന്‍ ചെയര്‍മാനുമായ അബൂദബി കമ്പനിയാണ് (എഡിക്യു) ലുലു ഗ്രൂപ്പില്‍ വീണ്ടും മുതല്‍ മുടക്കുന്നത്. ഇത് സംബന്ധിച്ച കരാറില്‍ അബൂദബി കമ്പനി സിഇഒ മുഹമ്മദ് ഹസന്‍ അല്‍ സുവൈദിയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഒപ്പുവെച്ചു.
ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ 30 ഹൈപ്പര്‍മാര്‍ക്കറ്റ്, 100 മിനി മാര്‍ക്കറ്റ്, ലോജിസ്റ്റിക്‌സ് സെന്റര്‍, ഇ- കൊമേഴ്‌സ് വിപുലീകരണം എന്നിവക്ക് വേണ്ടിയാണ് പുതിയ നിക്ഷേപം ഉപയോഗിക്കുക. മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാര്‍ക്കറ്റുകള്‍ പൂര്‍ത്തിയാക്കും. ഇതുവഴി മലയാളികള്‍ ഉള്‍പെടെ 12,000ല്‍ കൂടുതല്‍ ആളുകള്‍ക്ക് ഈജിപ്തില്‍ തൊഴില്‍ ലഭിക്കും.
രണ്ടാം തവണയാണ് ലുലു ഗ്രൂപ്പില്‍ അബൂദബി സര്‍ക്കാര്‍ മൂലധന നിക്ഷേപമിറക്കുന്നത്. കഴിഞ്ഞമാസം ഇന്ത്യയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിലെ പ്രവര്‍ത്തനത്തിനായി 8200 കോടി രൂപ നിക്ഷേപിച്ചിരുന്നു. ലുലു ഗ്രൂപ്പിനോടുള്ള വിശ്വാസമാണ് ഇത് സൂചിപ്പിക്കുന്നതെന്നും അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നെഹ്‌യാനോടും മറ്റ് രാജകുടുംബാംഗങ്ങളോടും നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു.