ദോഹ: ലോകത്തിലെ തെമ്മാടി രാഷ്ട്രമാണ് ഇസ്രായേല്‍ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് എഴുത്തുകാരനും സഞ്ചാരിയുമായ സജി മാര്‍ക്കോസ്, അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സൂം വെബിനാറില്‍ ‘ഫലസ്തീന്‍ മനുഷ്യാവകാശ പോരാട്ടവും പ്രൊപ്പഗണ്ട രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേലിനേയും ഫലസ്തീനേയും രണ്ട് രാഷ്ട്രങ്ങളാക്കി പരിഹാരമുണ്ടാക്കാമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇനിയൊരു കാലത്ത് അത് സാധ്യമാകാത്ത തരത്തിലേക്ക് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിനെ വെട്ടിമുറിച്ചിട്ടുണ്ടെന്നും ഏതെങ്കിലും കാലത്ത് ഇത്തരമൊരു നയം വന്നാല്‍ അതിന് കഴിയാതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അവര്‍ പ്രയോഗിച്ചു കഴിഞ്ഞതായും സജി മാര്‍ക്കോസ് പറഞ്ഞു.
വെസ്റ്റ്ബാങ്കിനെ തീര്‍ത്തും ഇല്ലാതാക്കുന്ന പ്രവര്‍ത്തികളാണ് 2006ന് ശേഷം ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ അതോറിറ്റി ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും ഇസ്രായേല്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇസ്രായേലിക്ക് ഈ പ്രദേശങ്ങളിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ മതിയാകുമെങ്കില്‍ ഫലസ്തീനിക്ക് ആറു മണിക്കൂറെങ്കിലും വേണ്ടിവരുന്ന തരത്തിലാണ് കാര്യങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇസ്രായേലിക്കും ഫലസ്തീനിക്കും വാഹനത്തിന് രണ്ടുതരം നമ്പര്‍ പ്ലേറ്റുകളാണെന്നും ഫലസ്തീനി നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ ശക്തമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സമേതം ഒരിക്കല്‍ യാത്ര ചെയ്യുന്ന ഒരു ഫലസ്തീനിയും പിന്നീടൊരിക്കലും അത്തരമൊരു യാത്രയ്ക്ക് മുതിരില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രദേശത്ത് രണ്ടാം തരം പൗരന്മാരേക്കാള്‍ താഴ്ന്ന ജീവിതമാണ് ഫലസ്തീനികള്‍ക്ക് നയിക്കേണ്ടി വരുന്നത്. ഗാസയെ തുറന്ന ജയിലെന്ന് വിശേഷിപ്പിക്കാമെങ്കിലും അതിനേക്കാള്‍ ഗതികെട്ട ജീവിതമാണ് വെസ്റ്റ്ബാങ്കിലെ ഫലസ്തീനിയുടേത്. സ്ഥലം കയ്യേറ്റത്തിന്റെ മാത്രമല്ല ആത്മാഭിമാനത്തിന്റെ കൂടി പ്രശ്‌നമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനുമായി ബന്ധപ്പെട്ട ചര്‍ച്ച എല്ലായ്‌പ്പോഴും ഹമാസില്‍ കൊണ്ടുചെന്നെത്തിക്കുകയാണ് ഇസ്രായേലിന്റേയും സഖ്യരാഷ്ട്രങ്ങളുടേയും പതിവ്. ഇപ്പോഴത്തെ യുദ്ധം നടന്നില്ലെങ്കിലും ഫലസ്തീനികള്‍ ഗാസയില്‍ നിന്നും പുറത്താക്കപ്പെടുമെന്നും അതിനുള്ള കരുനീക്കങ്ങള്‍ ഇസ്രായേല്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാലും ഫലസ്തീനിയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് സജി മാര്‍ക്കോസ് പറഞ്ഞു. ഫലസ്തീന്‍ രാഷ്ട്രത്തെ ഇല്ലാതാക്കുന്നതോടെ ഇസ്രായേലികള്‍ക്ക് എല്ലാ കാലത്തേക്കുമുള്ള സമാധാനം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെവിടെ കയ്യേറ്റം നടന്നാലും ലോകരാജ്യങ്ങള്‍ ഇടപെടുമെങ്കിലും മുക്കാല്‍ നൂറ്റാണ്ടുകാലമായിട്ടും ഫലസ്തീന്‍ പ്രശ്‌നങ്ങളില്‍ ലോകം മാന്യമായി ഇടപെടല്‍ നടത്തിയിട്ടില്ലെന്ന് നൈജീരിയയിലെ നൈല്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സലീല്‍ ചെമ്പയില്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധാരണ ജനങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. എന്നാല്‍ ഫലസ്തീനികള്‍ നടത്തുന്നത് സ്വാതന്ത്ര്യ സമരമാണെന്ന് കണ്ട് അതിന് പിന്തുണ നല്‍കുകയാണ് ‘ഗ്യാലറിയില്‍ ഇരുന്ന് കളി കാണുന്നവരുടെ’ ഉത്തരവാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അബൂബക്കര്‍ കാരക്കുന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് അശ്‌റഫ് തൂണേരി മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദ് നന്മണ്ട സ്വാഗതവും വൈസ് പ്രസിഡന്റ് വി കെ ജാബിര്‍ നന്ദിയും പറഞ്ഞു.