അബുദാബി: റമദാനില്‍ ഗതാഗതരംഗത്ത് അബുദാബി പൊലീസ് ബോധവല്‍ക്കരണം ശക്തമാക്കി. വിശുദ്ധ റമദാന്‍ മാസത്തില്‍ ഡ്രൈവര്‍മാര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ബോധവല്‍ക്കരണം വ്യാപകമാക്കിയിട്ടുള്ളത്.
സുരക്ഷിതമായ ഡ്രൈവിങ്ങിലൂടെയുള്ള ട്രാഫിക് സംസ്‌കാരം എന്ന ലക്ഷ്യത്തോടെയാണ് ബോധവല്‍ക്കരണം നടന്നുവരുന്നതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മഹ്മൂദ് യൂസഫ് അല്‍ ബലൂഷി വ്യക്തമാക്കി. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ള ഡ്രൈവര്‍മാര്‍ക്ക് കാഴ്ച, ശ്രദ്ധ എന്നിവയെ ബാധിക്കുമെന്നതുകൊണ്ട് വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പൊലീസ് പറഞ്ഞു.
ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാര്‍, ഡെലിവറി ഡ്രൈവര്‍മാര്‍, പൊതുഗതാഗതം, സ്‌കൂട്ടര്‍ ഉപയോക്താക്കള്‍, കാല്‍നടയാത്രക്കാര്‍ എന്നിവര്‍ക്ക് റമദാന്‍ ട്രാഫിക് സുരക്ഷയെക്കുറിച്ചു ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ ഡിജിറ്റല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം, സുരക്ഷിതമായ കാല്‍നടയെക്കുറിച്ച് തൊഴിലിടങ്ങളില്‍ ബോധവല്‍ക്കരണം എന്നിവയും നടക്കുന്നുണ്ട്.
വാണിജ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റേഷനുകള്‍, ടാക്സികള്‍, മുനിസിപ്പല്‍ മാര്‍ക്കറ്റ്, അഡ്നോക് സ്റ്റേഷനുകള്‍, പാര്‍ക്കുകള്‍, മുസ്സഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും ബോധവല്‍ക്കരണം നടത്തുന്നത്.