അബുദാബി : അബുദാബി കെഎംസിസി ഒരുക്കിയ ‘ദി കേരള ഫെസ്റ്റിന്’ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ പ്രൗഢമായ തുടക്കം. ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി ബാവ ഹാജി പതാക ഉയർത്തിയതോടെയാണ് മൂന്നു നാൾ നീണ്ടു നിൽക്കുന്ന കേരള ഫെസ്റ്റിനു തുടക്കം കുറിച്ചത്. തുടർന്ന് പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നു.
വിവിധ ജില്ലകളുടെ കലാസാംസ്‌കാരിക പരിപാടികളും തുടർന്ന് പ്രശസ്ത സൂഫി കലാകാരന്മാരായ ബിൻസിയും മജ്‌ബൂറും ചേർന്ന് അവതരിപ്പിച്ച സൂഫി സംഗീതവും അരങ്ങേറി.
കേരളത്തിലെ പതിനാല് ജില്ലകളുടെ കലയും സംസ്കാരവും കോർത്തിണക്കി വിനോദവും വിജ്ഞാനവും പകരുന്ന രീതിയിൽ സംഘടിപ്പിച്ചിരിക്കുന്ന ഫെസ്റ്റ് അബുദാബി യിലെ പ്രവാസിസമൂഹത്തിന് ആസ്വാദനത്തിന്റെ മൂന്നു രാവുകളാണ് സമ്മാനിക്കുന്നത്
ആദ്യദിനം ആയിരക്കണക്കിന് പേരാണ് കേരള ഫെസ്റ്റിന് ഒഴുകിയെത്തിയത്.
വ്യത്യസ്തമായ കലാ സാംസ്‌കാരിക പരിപാടികൾ,
കേരളത്തിലെ തനതായ നാടൻ രുചിക്കൂട്ടുകൾ ഒരുക്കി തായ്യാറാക്കുന്ന ഫുഡ് സ്ട്രീറ്റ്, പ്രോപ്പർട്ടി, ടൂറിസം, വിവിധ വാണിജ്യ സ്ഥാപങ്ങളടക്കം ഉൾപ്പെടെ 30ലേറെ വരുന്ന സ്റ്റാളുകൾ ഉൾപ്പെടെ ആകർഷയമായ അന്തരീക്ഷത്തിലാണ് കെഎംസിസി ഫെസ്റ്റ് നടക്കുന്നത്.
ഇന്ന് ശനിയാഴ്ച വൈകിട്ട് വൈകിട്ട് 4മണി മുതൽ 6 മണി വരെ കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകരായ പ്രമോദ് രാമൻ, ഷാനി പ്രഭാകർ , പി ജി സുരേഷ്‌കുമാർ , ഹാഷ്മി താജ് ഇബ്രാഹിം, മാതു സജി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന മീഡിയ ടോക്ക് ഷോയും നടക്കും. തുടർന്ന് രാത്രി 8 മണിക്ക് ജനപ്രിയ കോമഡി കലാ പരിപാടിയായ ‘ടീം മറിമായം’ അവതരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ഷോയും
വിവിധ കലാപരിപാടികളും അരങ്ങേറും.
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് മുപ്പതോളം പ്രവാസി സംഘടനകൾ ഒരുമിക്കുന്ന ‘ഡയസ്പോരാ സമ്മിറ്റ്’ നടക്കും. പ്രവാസികൾ ആഭിമുഖീകരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്, വിദ്യാഭ്യാസം ,വോട്ടവകാശം എന്നീ വിഷയങ്ങളിൽ ചർച്ച നടക്കും . പ്രമുഖ മാധ്യമ പ്രവർത്തകൻ പി ജി സുരേഷ് കുമാർ മോഡറേറ്റർ ആയിരിക്കും.
വിവിധ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള പ്രത്യക കലാ പരിപാടികൾ ഫെസ്റ്റിന്റെ രാത്രി കാല പ്രത്യേകതയാണ്. മെഗാ സമ്മാനമായി നൽകുന്ന കാറടക്കം നൂറോളം സമ്മാനങ്ങൾ നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പ് സമാപന ചടങ്ങിൽ നടക്കും. മൂന്നു ദിവസങ്ങളിലായി ഉത്സവ പ്രതീതി സൃഷ്ട്ടിച്ചു ആഹ്ലാദ പൂർവം നടത്തുന്ന കേരള ഫെസ്റ്റിൽ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് പേർ എത്തും.
ആയിരങ്ങൾക്ക് ആവശ്യമായ വിപുലമായ സൗകര്യങ്ങളാണ് ഇസ്ലാമിക് സെന്ററും കെഎംസിസി പ്രവർത്തകരും ഒരുക്കിയിട്ടുള്ളത്.