X
    Categories: gulfNews

ദുരന്ത ബാധിതര്‍ക്ക് അബുദാബി കെഎംസിസി രണ്ടരക്കോടിയുടെ വസ്തുക്കള്‍ അയച്ചു

അബുദാബി: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി അബുദാബി കെഎംസിസി വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും അയച്ചു.

രണ്ടുദിവസംകൊണ്ട് രണ്ടരകോടിയോളം രൂപയുടെ വസ്തുക്കളാണ് അബുദാബി കെഎംസിസി ശേഖരിക്കുകയും എംബസ്സി മുഖേന ദുരിതബാധിതര്‍ക്ക് അയക്കുകയും ചെയ്ത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കെഎംസിസി പ്രവര്‍ത്തകര്‍ ഇവ ശേഖരിക്കുന്നതിനുള്ള തിരക്കിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെ്ന്ററില്‍ കഴിഞ്ഞ ദിവസം നേരം പുലരുവോളം കെഎംസിസി പ്രവര്‍ത്തകര്‍ വിവിധ വസ്തുക്കള്‍ തരം തിരിക്കുകയും പായ്ക്ക് ചെയ്യുകയും ചെയ്യുന്നതില്‍ വ്യാപൃതരായിരുന്നു. വെറും രണ്ടുദിവസത്തെ പ്രവര്‍ത്തനം കൊണ്ടുമാത്രം രണ്ടരകോടിയോളം രൂപയുടെ വസ്തുക്കള്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നത് കെഎംസിസി പ്രവര്‍ത്തകരുടെ കഠിനപ്രയത്‌നവും പ്രവര്‍ത്തന ശൃംഗലയുടെ മികവുമാണ് വ്യക്തമാക്കുന്നത്.

അയച്ചുകൊടുത്ത മുഴുവന്‍ വസ്തുക്കളും പായ്ക്കിംഗ് പൊട്ടിക്കാത്ത പുതിയവയായിരുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വസ്ത്രങ്ങള്‍, കമ്പിളിപ്പുതപ്പുകള്‍, കേടാവാത്ത ഭക്ഷ്യവസ്തുക്കള്‍, നിത്യോപയോഗ സാധനങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ട അവശ്യവസ്തുക്കള്‍ തുടങ്ങി മുഴുവന്‍ വസ്തുക്കളും കെഎംസിസി അയച്ച പെട്ടികളിലുണ്ട്. ദുരിത ബാധിത രാജ്യങ്ങളുടെ എംബസ്സി നിര്‍ദ്ദേശപ്രകാരം നിരവധി ട്രക്കുകളിലായി ദുബൈയില്‍ എത്തിക്കുകയായിരുന്നു.

ദുബൈയിലെ കാര്‍ഗോ വിഭാഗം എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോകുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി കെഎംസിസി സംസ്ഥാന നേതാക്കളായ പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദുല്‍സലാം, വൈസ് പ്രസിഡണ്ട് ഹിദായത്തുല്ല, അസീസ് കാളിയാടന്‍, സി.സമീര്‍, റസാഖ് ഒരുമനയൂര്‍, അഷറഫ് പൊന്നാനി, മജീദ് അണ്ണാന്‍തൊടി, റഷീദ് പട്ടാമ്പി, ഇടി മുഹമ്മദ് സുനീര്‍, ബഷീര്‍ ഇബ്രാഹിം, മുഹമ്മദ് ആലം, സഫീഷ്, അബ്ദുല്ല കാക്കുനി, വി.ബീരാന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

webdesk13: