അബുദാബി: അറിവിന്റെ ലോകത്ത് പുതിയ വാതായനങ്ങള്‍ തുറന്നു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യോത്സവത്തിന് തുടക്കമായി. മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന അക്ഷരകൗതുകത്തിന്റെ തുടക്കം വീക്ഷിക്കാന്‍ വിവിധ തുറകളിലുള്ള നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു.
സാമൂഹിക മന്ത്രാലയം അണ്ടര്‍ സെക്രട്ടരി അലി അബ്ദുല്ല അല്‍ തുനെജി ഉല്‍ഘാടനം ചെയ്തു. അബുദാബി കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥ ആയിഷ ഷെയ്ഖ അതിഥിയായിരുന്നു. ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടരി സി.എച്ച്. യൂസുഫ്, സുന്നി സെന്റര്‍ ജനറല്‍ സെക്രട്ടരി കബീര്‍ ഹുദവി തുടങ്ങി വിവിധ സംഘടനാ നേതാക്കളും പ്രമുഖ വ്യക്തികളും ഉള്‍പ്പെടെ നിരവധിപേര്‍ സംബന്ധിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടരി അഡ്വ: കെ.വി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ട്രഷറര്‍ ഹിദായത്തുള്ള നന്ദിയും പറഞ്ഞു. ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ. മുഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിക്ക് നേതൃത്വം നല്‍കി.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാംസ്‌കാരിക ബന്ധവും ചരിത്രങ്ങളും സംബന്ധിച്ചു സാഹിത്യകാരന്‍ ഷാജഹാന്‍ മാടമ്പാട്ട് പ്രഭാഷണം നടത്തി.
ഇന്തോ-യുഎഇ ബന്ധത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിക്കുവാനും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം കൂടുതല്‍ ഊഷ്മളമാക്കുവാനും പ്രവാസത്തിന്റെ നാള്‍വഴികളിലൂടെ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസത്തിന്റെ ഓരോ ഘട്ടവും ഇത്തരം ബന്ധങ്ങളുടെ പുതിയ ശൃംഗലയായി മാറിക്കൊണ്ടിരിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ഇത് ഗുണകരമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നതായി പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ആദ്യദിനത്തില്‍ ആറ് പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
പ്രശസ്ത സ്പിരിച്ച്വല്‍ ഗായിക ആയിഷ ബാസിത്തിന്റെ ഗാനവും ദഫ്, കോല്‍ക്കളി, ഒപ്പന, തുടങ്ങിയ വിവിധ കലാപരിപാടികളും ഉല്‍ഘാടനദിനം താളമേളത്തിന്റെ അകമ്പടിയോടെ വര്‍ണ്ണാഭമാക്കി.
ഇന്ന് നടക്കുന്ന പരിപാടികളില്‍ പ്രമുഖ പരിശീലകരായ ഫാത്തിമ ഫിദ, മിന്‍ഹ ഫാത്തിമ എന്നിവര്‍ നയിക്കുന്ന പരിപാടികള്‍, ബാലസാഹിത്യകാരന്മാരെ ആദരിക്കല്‍, വനിതകളുടെ സാഹിത്യ ചര്‍ച്ചകള്‍, സാഹിത്യ മത്സരങ്ങള്‍, തുടങ്ങിയവ നടക്കും.