X
    Categories: gulfNews

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു

ഖുർആൻ അവതരണം കൊണ്ട് അനുഗ്രഹീതമായ പരിശുദ്ധ റംസാനിൽ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം ഏപ്രിൽ 15,16, 17 തിയ്യതികളിൽ ഇസ്ലാമിക് സെന്റർ മെയിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

റജിസ്റ്റർ ചെയ്ത ഇരുന്നൂറോളം മത്സരാർത്ഥികളിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെ തിരഞ്ഞെടുക്കപ്പെട്ട 35 പേർ മത്സരത്തിൽ മാറ്റുരക്കും.

ഏപ്രിൽ 15 വെള്ളിയാഴ്ച രാത്രി 9.30ന് മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടും.

തുടർന്ന് ഇസ്ലാമിക് സെന്റർ മെയിൻ ഹാളിൽ ആൺകുട്ടികളുടെ മത്സരവും മിനി ഹാളിൽ പെൺകുട്ടികളുടെ മത്സരവും നടക്കും.

ഏപ്രിൽ 16 ന് ഫൈനൽ മത്സരങ്ങൾ നടക്കും. ജൂനിയർ, വിഭാഗങ്ങളിൽ ഫൈനലിലേക്ക് യോഗ്യത നേടിയ അഞ്ച് പേർ വീതം ഫൈനലിൽ മാറ്റുരക്കും.

12 മുതൽ 18 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾ ജൂനിയർ വിഭാഗത്തിലും

19 മുതൽ 30 വരെ പ്രായമുള്ള പുരുഷന്മാർ സീനിയർ വിഭാഗത്തിലും മത്സരിക്കും. 10 മുതൽ 15 വരെയുള്ള പെൺകുട്ടികൾക്ക് പ്രത്യേക മത്സവും ഉണ്ടാവും.

സമാപന ദിവസമായ ഏപ്രിൽ 17ന് ഞായറാഴ്ച ലുലു ഗ്രൂപ്പ് എക്സിക്യുട്ടീവ് ഡയരക്ടർ എം എ അഷ്‌റഫ്‌ അലി മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഉസ്താദ്‌ സിംസാറുൽ ഹഖ് ഹുദവി ഖുർആൻ പ്രഭാഷണം നിർവഹിക്കും.

പ്രമുഖ ഖാരിഉകളുടെ വിവിധ ശൈലിയിലുള്ള ഖിറാഅത്ത് പരിപാടിക്ക് മാറ്റ് കൂട്ടും. മത്സരത്തിൽ മികച്ച നിലവാരം പുലർത്തിയ മത്സരാർഥികൾ ഖിറാഅത്ത് അവതരിപ്പിക്കും.

വിജയികൾക്കുള്ള സമ്മാനങ്ങൾ പരിപാടിയിൽ വെച്ച് വിതരണം ചെയ്യും. ഓരോ വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് 50,000 ഇന്ത്യൻ രൂപയുടെയും രണ്ടാം സ്ഥാനം നേടുന്നവർക്ക് 30,000 രൂപയുടെയും മുന്നാം സ്ഥാനം നേടുന്നവർക്ക് 20,000 രൂപയുടെയും കാശ് അവാർഡ് നൽകും. ഫൈനലിസ്റ്റുകൾക്ക് മെമന്റോയും മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റും നൽകി ആദരിക്കും.

പരിപാടി വീക്ഷിക്കാൻ എത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പ്രഗത്ഭ ഖാരിഉകൾ അറബി പ്രമുഖർ, വ്യവസായ പ്രമുഖർ, മത സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ സംബന്ധിക്കും.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ടി കെ അബ്ദു സലാം, സാബിർ മാട്ടൂൽ,
ഹാരിസ് ബാഖവി,സലീം നാട്ടിക, റസാഖ്‌ ഒരുമനയൂർ
എന്നിവർ വർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Test User: