റസാഖ് ഒരുമനയൂര്‍
അബുദാബി: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. ജൂണ്‍ ഒന്നുമുതല്‍ തുടക്കം കുറിക്കുകയാണ്. ആദ്യഘട്ടമെന്നോണം ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നാണ് നിരോധനത്തിന് തുടക്കം കുറിക്കുന്നത്.
തലസ്ഥാന നഗരിയിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി പ്ലാസ്റ്റിക്ക് കവര്‍ നല്‍കുകയില്ല. പകരം മണ്ണില്‍ ലയിച്ചുപോകുന്ന തരത്തിലുള്ള കവറുകള്‍ കൈയില്‍ കരുതുകയോ അല്ലെങ്കില്‍ പണം നല്‍കി ഉപഭോക്താക്കള്‍ വാങ്ങിക്കുകയോ വേണം.
ജൂണ്‍ ഒന്നുമുതലാണ് ആരംഭിക്കുന്നതെങ്കിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ബോധവല്‍ക്കരണവും ലോഞ്ചിംഗും നടന്നു. പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന തരത്തിലുള്ള പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനമെന്ന സന്ദേശം രണ്ടുകൊല്ലം മുമ്പുതന്നെ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഈ മാസം മുതല്‍ ഘട്ടംഘട്ടമായി നടപ്പാക്കുകയാണ്.
അതേസമയം വിവിധതരം വസ്തുക്കള്‍ പൊതിഞ്ഞുവരുന്ന കവറുകള്‍ ഉള്‍പ്പെടെ ചില വിഭാഗങ്ങളെ നിരോധത്തില്‍ നിന്നും തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ ദുബൈയിലും പ്ലാസ്റ്റിക് നിരോധനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.