ലഖ്‌നൗ: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമ വിലക്ക് നിലനില്‍ക്കെ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എ.ബി.പി ന്യൂസിലെ വനിതാ ജേര്‍ണലിസ്റ്റായ പ്രതിമ മിശ്രയാണ് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെവരെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലാത്ത രീതിയില്‍ അപ്രഖ്യാപിത വിലക്കാണ് ഹാത്രസിലുണ്ടായിരുന്നുത്. രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.
പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലെന്ന് പറഞ്ഞ് പ്രതിമയെ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് അതിനുള്ള അധികാരം ആരാണ് തന്നതെന്ന് പ്രതിമ തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഉത്തരംമുട്ടിയ പൊലീസുകാരോട് നീങ്ങള്‍ ഉത്തരവ് കാണിക്കൂ എന്നും പ്രതിമ ആവശ്യപ്പെട്ടു. പിന്നാലെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ച പൊലീസിനോട് താങ്കള്‍ ആരേയാണ് വിളിക്കുന്നതെന്നും പ്രതിമ ചോദിച്ചു. നിങ്ങള്‍ സിഎം പറഞ്ഞാണോ അതോ ഡിഎം പറഞ്ഞാണോ ഇങ്ങനെ ചെയ്യുന്നതെന്നും പ്രതിമ ചോദിച്ചു. എന്നാല്‍ അത് മുകളില്‍ നിന്നുള്ള ഉത്തരവാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ വ്യാഖ്യാനം നടത്താമെന്നായിരുന്നു പോലീസിന്റെ മറുപടി.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ പൊലീസ് വാഹനത്തില്‍ കസ്റ്റഡിലാക്കാനും ശ്രമം നടത്തി. എന്നാല്‍ കൊറോണയാണ് എന്നെ തൊടരുത് എന്ന് പറഞ്ഞാണ് പ്രതിമ മിശ്ര അതിനെ ചെറുത്തത്. അതേസമയം, ക്യാമറാമാനെതിരെ ബലം പ്രയോഗിച്ച പൊലീസ് വീഡിയോ കട്ട് ചെയ്യിപ്പിച്ച് ഇരുവരേയും കസ്റ്റഡിലാക്കി.
അതേസമയം, പ്രതിമ മിശ്രയുടെ ഇടപെടലിന് സോഷ്യല്‍മീഡിയയില്‍ വലിയ അഭിനന്ദനമാണ് കിട്ടയത്. മാധ്യമത്തെ പോലും കടത്തി വിടാതെ യോഗിയുടെ പോലീസ് കാണിക്കുന്ന ക്രൂരതക്ക് മുന്നില്‍ വിരല്‍ ഉയര്‍ത്താന്‍ പ്രതിമ മിശ്രക്ക് ഒറ്റക്ക്് കഴിയുമെങ്കില്‍ എന്ത് കൊണ്ട് ഇവിടുത്തെ പ്രമുഖ മാധ്യമ സംഘത്തിന് അതിന് സാധിക്കുന്നില്ലെന്ന്, പലരും പങ്കുവെച്ചു.
ഇന്ത്യയില്‍ ഇന്ന് മോദി ഭരണകൂടവും മോദി നേരിട്ട് അധികാരത്തിലേറ്റിയ യോഗിയും നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇതാണ്, കണ്ണുതുറന്ന് കാണുക ലോകമേ..എന്നതാണ് പ്രതിമ മിശ്ര കാണിച്ചുതരുന്നതെന്നും പലരും കുറിച്ചു.
അതിനിടെ, ഹാത്രസില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ പറഞ്ഞു. അതേസമയം, ഹാത്രസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ പോലുംകാണിക്കാതെ അര്‍ദ്ധരാത്രിയില്‍ കത്തിച്ചുകളഞ്ഞതിന് പിന്നാലെയാണ് പ്രദേശത്ത് അപ്രഖ്യാപിത വിലക്ക് വന്നത്.
ഹാത്രസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് നടപടി. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനും പൊലീസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ റോഡില്‍ ബലം പ്രയോഗിച്ച് തള്ളിയിട്ടത് വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുണ്ടെന്ന വാദവുമായി ഭരണകൂടം രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കും മൊബൈല്‍ ഫോണ്‍ പിടിച്ചുവക്കുകയും ചെയ്തിരുരുന്നു.
എന്നാല്‍, അരോപണങ്ങളെല്ലാം തള്ളിയ ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്നതായും മറ്റുള്ളവര്‍ക്ക് അനുമതി നല്‍കുമ്പോള്‍ അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു.