X
    Categories: indiaNews

യോഗിക്ക് വേണ്ടി എബിപി ന്യൂസ് നടത്തിയ നാടകത്തിലെ അവതാരികയായിരുന്നോ പ്രതിമാ മിശ്ര; വിമര്‍ശനം ഉയരുന്നു

ന്യൂഡല്‍ഹി: ഹത്രാസില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം എ.ബി.പിയുടെ റിപ്പോര്‍ട്ടറായ പ്രതിമ മിശ്ര യു.പി പൊലീസിന്റെ വിലക്കും അറസ്റ്റ് ഭീഷണിയും മറികടന്ന് രംഗത്തുവരുന്നത്. പിന്നീട് അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പറ്റാതെ പതറി നില്‍ക്കുന്ന യു.പി പൊലീസിനെയാണ് കാണുന്നത്.

ബി.ജെ.പിആര്‍.എസ്.എസ് വേരോട്ടമുള്ള യു.പി പോലൊരിടത്ത്, മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കാത്തിടത്ത് പ്രതിമ എന്ന മാധ്യമപ്രവര്‍ത്തകയുടെ വരവിനെ പ്രതീക്ഷയോടെയാണ് ഒട്ടുമിക്ക ആള്‍ക്കാരും നോക്കിക്കണ്ടത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് കിട്ടിയ പിന്തുണ.

എന്നാല്‍, ഇപ്പോള്‍ പ്രതിമയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ മറ്റൊരുതലത്തിലേക്ക് പോവുകയാണ്. പൊലീസിനെതിരെ നിരന്തരം ചോദ്യമുയര്‍ത്തിയപ്പോള്‍ എന്തുകൊണ്ടാണ് പ്രതിമ ആദിത്യനാഥ് സര്‍ക്കാരിനെതിരെ ഒരു ചോദ്യം പോലും ഉന്നയിക്കാതിരുന്നതെന്നാണ് വിമര്‍ശകരുടെ സംശയം.ഇതോടെയാണ് എബിപി ചാനലിന്റെയും പ്രതിമ മിശ്രയുടേയും മുന്‍കാല റിപ്പോര്‍ട്ടുകളിലേക്ക് വിമര്‍ശകര്‍ വിരല്‍ ചൂണ്ടി തുടങ്ങിയത്. ആരാണ് പ്രതിമ മിശ്ര, എന്താണ് എ.ബി.പി ചാനല്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, സംഘപരിവാറിന്റെ രാഷ്ട്രീയ നാടകമായിരുന്നോ ഹാത്രാസില്‍ പ്രതിമ നടത്തിയത് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഏപ്രിലില്‍, ലോക് ഡൗണ്‍ സമയത്ത് അതിഥിസംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെടുന്നതായി എ.ബി.പിയുടെ മറാഠി ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയില്‍ രാജ്യത്തെ അതിഥി തൊഴിലാളികളേയും ഇന്ത്യയുടെ സമ്പൂര്‍ണ സമ്പദ് വ്യവസ്ഥയെയും കൂപ്പുകുത്തിച്ച കേന്ദ്രസര്‍ക്കാരിന്റെ ലോക്ഡൗണിനെ പ്രകീര്‍ത്തിച്ച നടപടിയും വിമര്‍ശിക്കപ്പെടുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടടുത്ത് നരേന്ദ്ര മോദിയുമായി എബിപിയുടെ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ചൂണ്ടിക്കാട്ടിയും ചാനലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നിരീക്ഷകര്‍ ആരോപിക്കുന്നുണ്ട്. മോദിയെ തൃപ്തിപ്പെടുത്തുന്ന ചോദ്യങ്ങളല്ലാതെ ഒരു ചോദ്യം പോലും അഭിമുഖത്തില്‍ ഉണ്ടായിരുന്നില്ല.2018ല്‍ കോബ്രാ പോസ്റ്റ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ എബിപി ന്യൂസ് പണം വാങ്ങി സംഘപരിവാര്‍ അനുകൂല വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറാണെന്ന് സമ്മതിച്ച കാര്യവും വിമര്‍ശകര്‍ ഈ അവസരത്തില്‍ വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

 

 

Test User: