റിയാദ്: ഇക്കൊല്ലത്തെ ഹജ്ജിന്നെത്തിയവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ടു. 89,9353 പേരാണ് ഹജ്ജ് നിര്‍വഹിച്ചതെന്ന് അതോറിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 165 വിദേശ രാജ്യങ്ങളില്‍ നിന്ന് 77,9919 ഹാജിമാരാണ് എത്തിയത് . 11,9434 ആഭ്യന്തര ഹാജിമാരാണ് കര്‍മം നിര്‍വഹിച്ചത്. 48,6458 പേര്‍ പുരുഷന്മാരും 41,2895 പേര്‍ സ്ത്രീകളുമാണ് .
21.4 ശതമാനം പേര്‍ അറബ്‌രാജ്യങ്ങളില്‍ നിന്നുളളവരാണ്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് 53.8 ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 13 .2 ശതമാനം പേരും 11.6 ശതമാനം പേര്‍ അമേരിക്ക , യൂറോപ്പ് , ആസ്‌ത്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് . വിദേശത്ത് 738680 പേര്‍ വിമാനമാര്‍ഗവും 35210 പേര്‍ കടല്‍ മാര്‍ഗവും 6029 പേര്‍ കരമാര്‍ഗവുമാണ് ഹജ്ജിനെത്തിയത്.
മലയാളി ഹാജിമാരുള്‍പ്പടെ ഇന്ത്യന്‍ ഹാജിമാരെല്ലാവരും മിനായില്‍ നിന്ന് മശാഇര്‍ ട്രെയിന്‍ വഴിയാണ് അറഫയിലെത്തി ചേര്‍ന്നത്. 44 ഡിഗ്രി ചൂട് അനുഭവപ്പെടുന്ന അറഫയില്‍ ഉഷ്ണത്തെ തടുക്കാന്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് ഹാജിമാര്‍ക്ക് കര്‍മ്മങ്ങള്‍ എളുപ്പമാക്കി. ഇന്ത്യയില്‍ നിന്ന് കേന്ദ്ര ഹജ്ജ് സംഘവും മിനയിലെത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാര്‍ക്ക് സുഗമമായ രീതിയില്‍ കര്‍മ്മങ്ങള്‍ ഇന്ത്യന്‍ മിഷന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. . സര്‍വ സഹായങ്ങളുമായി സഊദി കെഎംസിസി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ വളണ്ടീയര്‍ സേവനം പുണ്യഭൂമിയില്‍ സജീവമാണ്. മറ്റു വിവിധ സന്നദ്ധ സംഘടനകളും വളണ്ടിയര്‍ സേവനത്തിനായി രംഗത്തുണ്ട് . 45 ഡിഗ്രിയോളമുള്ള കനത്ത ചൂടില്‍ കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയെത്തുന്ന ഹാജിമാര്‍ക്ക് കഞ്ഞിയും വെള്ളവും പാനീയങ്ങളും മറ്റും നല്‍കുന്നുണ്ട്. സഊദി കെഎംസിസി കുഞ്ഞിമോന്‍ കാക്കിയ, അഹമ്മദ് പാളയാട്ട്, മുജീബ് പൂക്കോട്ടൂര്‍ , അബൂബക്കര്‍ അരിമ്പ്ര എന്നിവരുടെ നേതൃത്വത്തിലാണ് കെഎംസിസി വളണ്ടിയര്‍ സംഘം പുണ്യ നഗരിയില്‍ പ്രവര്‍ത്തിക്കുന്നത്.