എ.കെ.എം ഹുസൈന്‍
ഒരു വശത്ത് അറബികടലും മറുവശത്ത് തമിഴ്‌നാടും അതിര്‍ നിര്‍ണയിക്കുന്ന കൊല്ലം പാര്‍ലമെന്റ് മണ്ഡലം ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്നു. ചവറ മുതല്‍ പരവൂര്‍ വരെ വിശാലമായ തീരദേശം കൊല്ലത്തെ മനോഹരിയാക്കുന്നു. ഒപ്പം അഷ്ടമുടിക്കായലും കിഴക്കന്‍ മലയോര മേഖലയിലെ പച്ചപ്പും കൊല്ലത്തേക്ക് ആരെയും ആകര്‍ഷിക്കുന്നതാണ്.
ചവറയിലെ കരിമണല്‍ ഖനനം എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നതാണ്. അതുപോലെ തന്നെയാണ് കൊല്ലത്തെ മത്സ്യസമ്പത്തും. കശുവണ്ടി തൊഴിലാളികളുടെ ഈറ്റില്ലം കൂടിയാണ് കൊല്ലം. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കശുവണ്ടി തൊഴിലാളികളും കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകരും കൊല്ലത്തെ വ്യാപാരി സമൂഹത്തിന്റെയും പിന്തുണ നേടിയെടുക്കാതെ ആര്‍ക്കും എളുപ്പം മറുകര കാണാനാവില്ല.
മിക്കപ്പോഴും ഇടത്തോട്ട് ചാഞ്ഞ് നില്‍ക്കാന്‍ താല്‍പര്യം കാട്ടുന്ന കൊല്ലം മുമ്പ് നിയസഭാ തെരഞ്ഞെടുപ്പുകളില്‍ അത്ഭുതകരമായ നിലയില്‍ ജനാധിപത്യ ചേരിയെ പിന്തുണച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു ചായ്‌വ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിക്കപ്പോഴും വലതു മുന്നണിക്കൊപ്പം നിന്ന ചരിത്രവും കൊല്ലത്തിന് സ്വന്തമാണ്.
കേരളപ്പിറവിക്ക് ശേഷം 1957ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കൊടിയന്‍ ആണ് ആദ്യമായി കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 1962 മുതല്‍ 77 വരെ ആര്‍.എസ്.പി നേതാവ് എന്‍.ശ്രീകണ്ഠന്‍ നായര്‍ തുടര്‍ച്ചയായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 67ല്‍ എന്‍.ശ്രീകണ്ഠന്‍ നായര്‍ സ്വതന്ത്ര വേഷത്തിലാണ് മത്സരിച്ചത്. 1980ല്‍ കൊല്ലം ചരിത്രം തിരുത്തി. കോണ്‍ഗ്രസിലെ ബി.കെ നായര്‍ ആദ്യമായി കൊല്ലത്ത് നിന്നും ലോക്ഭയിലെത്തി.
ഐ.എ.എസില്‍ നിന്നും രാജിവെച്ച് രാഷ്ട്രീയത്തിലിറങ്ങിയ എസ്.കൃഷ്ണകുമാറിന്റെ പടയോട്ടമാണ് പിന്നീട് കൊല്ലം കണ്ടത്. 1984, 89, 91 കാലഘട്ടങ്ങളില്‍ കൊല്ലത്ത് നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് എസ്.കൃഷ്ണകുമാര്‍ ലോക്‌സഭയിലെത്തി. 1996ല്‍ ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി മണ്ഡലം തിരിച്ചുപിടിച്ചു. ആര്‍.എസ്.പി ചിഹ്നത്തില്‍ മത്സരിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ ആദ്യമായി ലോക്‌സഭയിലെത്തി. 98ല്‍ നടന്ന തെരഞ്ഞെടുപ്പിലും പ്രേമചന്ദ്രന്‍ കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ ആര്‍.എസ്.പിയില്‍ നിന്നും കൊല്ലം ലോക്‌സഭാ സീറ്റ് സി.പി.എം പിടിച്ചെടുത്തു. സി.പി.എമ്മിലെ പി.രാജേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി. 99ലും പിന്നീട് 2004ലും പി.രാജേന്ദ്രന്‍ കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1999ല്‍ കോണ്‍ഗ്രസിലെ എന്‍.പീതാംബരക്കുറുപ്പ് കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹാട്രിക് മത്സരത്തിനായി രംഗത്തിറങ്ങിയ പി.രാജേന്ദ്രനെ പരാജയപ്പെടുത്തിയായിരുന്നു പീതാംബരക്കുറുപ്പിന്റെ വിജയം.
2014 ആയതോടെ ചിത്രം മാറി. ആര്‍.എസ്.പി ഇടതുമുന്നണി വിട്ട് പുറത്ത് വന്ന് യു.ഡി.എഫിന്റെ ഘടകക്ഷിയായി. കൊല്ലം സീറ്റ് കോണ്‍ഗ്രസ് ആര്‍.എസ്.പിക്ക് വിട്ടുനല്‍കി. മണ്‍വെട്ടിയും മണ്‍കോരിയും അടയാളത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ പരാജയപ്പെടുത്തി പ്രേമചന്ദ്രന്‍ വീണ്ടും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
വി.എസ് മന്ത്രി സഭയിലെ ജലസേചന വകുപ്പ് മന്ത്രിയായി തിളങ്ങിയ എന്‍.കെ പ്രേമചന്ദ്രനും വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന കെ.എന്‍ ബാലഗോപാലും തമ്മിലാണ് ഇത്തവണ ഏറ്റുമുട്ടുന്നത്. ഇരുവരും നേരത്തെ രാജ്യസഭാ അംഗങ്ങളുമായിരുന്നു.
പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം, എം.എല്‍.എ, എം.പി, മന്ത്രി എന്നീ നിലകളിലുള്ള ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയവും ജനങ്ങളുമായുള്ള ബന്ധവും ഇത്തവണയും തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാക്കുമെന്നാണ് എന്‍.കെ പ്രേമചന്ദ്രന്റെ പ്രതീക്ഷ.
12,59,400 ആണ് മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍. പുരുഷന്മാര്‍: 5,99,797. വനിതകള്‍: 6,59,597. ട്രാന്‍സ്‌ജെന്‍ഡര്‍ : 6. ഏറ്റവും ഒടുവില്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന വോട്ടര്‍മാരുടെ കണക്കും കൂടി വരുമ്പോള്‍ നേരിയ വ്യത്യാസം വരാം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടെ ജില്ലയിലെ 11 നിയസഭാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് ആണ് വിജയിച്ച് കയറിയത്.