X

ചരിത്രം കുറിച്ച് സോഫിയ ഫിർദൗസ് : ഒഡീഷയിലെ ആദ്യ മുസ്ലീം വനിതാ എംഎൽഎ

ഒഡീഷയിലെ ആദ്യ മുസ്ലിം വനിത എംഎല്‍എയായി ചരിത്രം കുറിച്ചിരിക്കുകയാണ് സോഫിയ ഫിർദൗസ്. ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബരാബതി-കട്ടക്ക് സീറ്റിൽ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചാണ് സോഫിയ വിജയിച്ചത്. മാനേജ്‌മെൻ്റിലും സിവിൽ എഞ്ചിനീയറിംഗിലും ബിരുദധാരിയായ ഈ 32 കാരി, 8,001 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ പൂർണ ചന്ദ്ര മഹാപാത്രയെ പരാജയപ്പെടുത്തിയത്.

ബിജു ജനതാദളിന്റെ (ബിജെഡി) പ്രകാശ് ചന്ദ്ര ബെഹ്റ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എയായിരുന്ന മുഹമ്മദ് മൊക്വിമിന്റെ മകളാണ് സോഫിയ ഫിർദൗസ്.

ഭുവനേശ്വറിലെ കെഐഐടി സർവകലാശാലയുടെ കീഴിലുള്ള കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയല്‍ ടെക്‌നോളജില്‍ നിന്നാണ് സോഫിയ സിവില്‍ എൻജിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയത്. 2022ൽ ബാംഗ്ലൂരിലെ ഐഐഎമ്മില്‍നിന്ന് എക്‌സിക്യൂട്ടീവ് ജനറൽ മാനേജ്‌മെൻ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിരുന്നു.

അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് പിതാവിന്റെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ മെട്രോ ബിൽഡേഴ്സ് കമ്പനിയുടെ ഡയറക്ടർ പദവിയാണ് സോഫിയ വഹിച്ചിരുന്നത്. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻസ് ഓഫ് ഇന്ത്യയുടെ (ക്രെഡായി) ഭുവനേശ്വർ യൂണിറ്റുമായി ബന്ധപ്പെട്ടും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഫിർദൗസിൻ്റെ പിതാവായ മുഹമ്മദ് മൊക്വിം, ബി.ജെ.ഡിയുടെ ദേബാശിഷ് സാമന്ത്രയെ തോല്‍പിച്ച് 2,123 വോട്ടുകൾക്കാണ് ബരാബതി-കട്ടക്ക് മണ്ഡലത്തിൽ നിന്നും വിജയിച്ചത്.

 

webdesk14: