X

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് 200 കിലോയോളം ഏലക്ക മോഷ്ടിച്ചു

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് 200 കിലോയോളം ഉണക്കിയ ഏലക്ക മോഷ്ടിച്ചു. ചെമ്മണ്ണാറിലെ പതിവ് കേന്ദ്രത്തില്‍ നിന്നും കുമളിയിലെ ലേല ഏജന്‍സിയിലേക്ക് കൊണ്ടു പോയ ഏലക്കയാണ് മോഷ്ടിച്ചത് . 200 കിലോയോളം ഉണക്ക ഏലക്ക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രാത്രിയില്‍ നെടുങ്കണ്ടതിനു സമിപം ചേമ്പളത്ത് ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് സംഭവം. യാത്രയ്ക്കിടയില്‍ എപ്പോഴോ വാഹനം നിര്‍ത്തിയിട്ടപ്പോള്‍ ലോറിയുടെ മുകളില്‍ കയറിയ മോഷ്ടാവ് ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കയര്‍ അറുത്തു മാറ്റി നാല് ചക്കുകള്‍ റോഡിലേയ്ക് ഇടുകയായിരുന്നു.

ഇതില്‍ ഒരു ചാക്ക് കീറി ഏലക്ക റോഡില്‍ ചിതറിയതും ലോറിയ്ക്കു മുകളില്‍ ആള്‍ ഇരിയ്ക്കുന്നതും ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ലേല ഏജന്‍സിയായ സ്പൈസ് മോര്‍ കമ്പനിയില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാഹനം പാമ്പാടുംപാറയില്‍ നിര്‍ത്തി നോക്കിയപ്പോഴാണ് മോഷണം നടന്നവിവരം ഡ്രൈവര്‍ അറിയുന്നത്.

ലോറിയ്ക്കു പിന്നാലെ വന്ന വെള്ള മാരുതി വാനില്‍ ഉണ്ടായിരുന്ന സംഘം റോഡിലേക്ക് വീണ ഏലക്ക ചാക്കുകള്‍ വാനില്‍ കയറ്റി കൊണ്ടുപോയതായി കരുതുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുമളി-നെടുങ്കണ്ടം റൂട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് പരിശോധന നടത്തും.

 

webdesk13: