X

തോട്ടപ്പള്ളിയില്‍ 150 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു

ആലപ്പുഴ തോട്ടപ്പള്ളിയില്‍ വൈകിട്ട് നാലുമണിയോടെ കടല്‍ ഉള്‍വലിഞ്ഞു. ഏകദേശം 150 മീറ്ററോളമാണ് കടലാണ് ഉള്‍വലിഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കടല്‍ പഴയ രീതിയിലേക്ക് വന്നിട്ടില്ല. നേരത്തെ കടല്‍ ഉണ്ടായിരുന്ന ഭാഗം ഇപ്പോള്‍ ചെളിയായി കിടക്കുകയാണ്.

കടല്‍ ഉള്‍വലിഞ്ഞത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് ഇപ്പോള്‍ മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളില്‍ കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറിയതോടെ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്‍ റെഡ് അലേര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മേഖലകളില്‍ വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.

 

webdesk17: