ആദിവാസി സ്ത്രീകളുടെ നിറത്തെക്കുറിച്ച് പരാമര്‍ശിച്ച് അവരെ അപമാനിച്ച ബിജെപി നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ മോഹന്‍ ചരണ്‍ മാജി മാപ്പ് പറയണമെന്ന് പ്രതിപക്ഷമായ ബിജു ജനതാദള്‍. അടുത്തിടെ നടന്ന മയൂര്‍ഭഞ്ച് ഉത്സവത്തിനിടെ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വലിയ തോതില്‍ പ്രതിഷേധത്തിന് കാരണമായി.
തനിക്ക് സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും മറ്റ് ആദിവാസി സ്ത്രീകള്‍ വെളുത്തവരല്ല. എന്നാല്‍ മയൂര്‍ഭഞ്ചിലെ സ്ത്രീകള്‍ വെളുത്തവരാണെന്നും സുന്ദരികളാണെന്നും അദ്ദേഹം പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറല്‍ ആയതോടെ വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
‘എനിക്ക് എപ്പോഴും ഒരു സുന്ദരിയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആദിവാസി പെണ്‍കുട്ടികള്‍ വെളുത്തവരല്ല, അങ്ങനെ ഒരു സുന്ദരിയായ പെണ്‍കുട്ടിയെ തേടി മയൂര്‍ഭഞ്ച് ജില്ലയില്‍ എത്തി. അവിടെയുള്ള സ്ത്രീകള്‍ വെളുത്തവരായിരുന്നു. സുന്ദരികളായിരുന്നു. അവിടെ നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ എനിക്ക് അവരുമായി ബന്ധമുണ്ടായി,’ അദ്ദേഹം പറഞ്ഞു.
മാജിയുടെ പരാമര്‍ശങ്ങള്‍ വിവേചനപരമായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രസ്താവിച്ച സരോജിനി ഹെംബ്രാം ഉള്‍പ്പെടെയുള്ള ബി.ജെ.ഡി നേതാക്കള്‍ ഈ പരാമര്‍ശങ്ങളെ അപലപിച്ചു. നിലവിലെ ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ ആദിവാസി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനെക്കുറിച്ചും ആദിവാസി സമൂഹത്തിന്റെ വികസനത്തോടുള്ള അവഗണനയെക്കുറിച്ചും ബി.ജെ.ഡി ആശങ്ക ഉയര്‍ത്തി.
‘ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, സംസ്ഥാനത്തെ ആദിവാസികളുടെ വികസനം അവഗണിക്കപ്പെട്ടു. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ പോളവാരം പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, മാല്‍ക്കാന്‍ഗിരിയിലെ 122 ആദിവാസി ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാകും. എന്നിട്ടും, ഒഡീഷയിലെ ആദിവാസി മുഖ്യമന്ത്രി ഈ വിഷയത്തില്‍ മൗനം പാലിച്ചു,’ സരോജിനി ഹെംബ്രാം പറഞ്ഞു.
ബി.ജെ.ഡി നേതാവും മയൂര്‍ഭഞ്ച് ജില്ലാ പരിഷത്ത് പ്രസിഡന്റുമായ ഭാരതി ഹന്‍സ്ഡയും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമര്‍ശിച്ചു. ‘ആദിവാസി സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുപകരം, മാജി ആദിവാസി സ്ത്രീകളുടെ നിറത്തെക്കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി, ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്,’ ഹന്‍സ്ഡ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ബി.ജെ.പി ഇതുവരെയും പ്രതികരിച്ചിട്ടില്ല.