X

അകക്കണ്ണിലറിവുമായി അബൂബക്കറും ഉമറും

പി.വി ഹസീബ് റഹ്‌മാന്‍ കൊണ്ടോട്ടി

അറിവിന്റെ വെളിച്ചത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഇരുട്ടിന്റെ ലോകത്തുനിന്നും അവരുണ്ട്, അബൂബക്കറും ഉമറും. അകക്കണ്ണിന്റെ വെളിച്ചമാണ് ഈ സഹോദര ഗുരുക്കന്‍മാരുടെകരുത്ത്. മഹാമാരി കവര്‍ന്ന അധ്യയന ദിനങ്ങളെ പ്രതിരോധ കവചമാക്കി കലാലയങ്ങള്‍ തുറക്കുമ്പോള്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ക്കിടയിലും വിദ്യയുടെ തേന്‍ നുകരാനെത്തുന്ന കുരുന്നുകള്‍ക്ക് സ്വാഗതമോതുകയാണ് ഇരുവരും. ജ്ഞാനം മനസ്സില്‍ നിറച്ച് വിധിയെ പഴിക്കാതെ ഇച്ഛാശക്തികൊണ്ട് കൂരിരുളിനെ വകഞ്ഞുമാറ്റി.

മലപ്പുറം ജില്ലയിലെ മൊറയൂര്‍ പഞ്ചായത്ത് ഒഴുകൂര്‍ സ്വദേശികളാണ് അബൂബക്കറും സഹോദരന്‍ ഉമറും. ഇയ്യന്‍തൊടിയില്‍ പരേതരായ മുണ്ടോടന്‍ അഹമ്മദ് മുസ്‌ലിയാരുടെയും ആമിനയുടെയും മക്കളായ ഇവര്‍ക്ക് കുട്ടിക്കാലത്തുതന്നെ അഞ്ചാം പനി ബാധിച്ച് കാഴ്ച നഷ്ടപ്പെട്ടു.
ഒഴൂകൂര്‍ എല്‍.പി സ്‌കൂളില്‍ അക്ഷര ലോകത്തേക്ക് കടന്നുവരുമ്പോള്‍ അകകണ്ണിലൂടെ അക്ഷരങ്ങള്‍ക്ക് ചിറക് വരുന്നത് അബൂബക്കര്‍ സ്വപ്‌നം കണ്ടിരുന്നു. കാഴ്ചയില്ലാത്തത് കാരണം തഴയപ്പെടുന്നത് തിരിച്ചറിഞ്ഞതോടെ നാലാം ക്ലാസില്‍ പഠനം നിര്‍ത്തി. ജീവിക്കാനുള്ള വാശിയില്‍ നിലക്കടല വറുത്ത് തെരുവില്‍ കച്ചവടത്തിനിറങ്ങി. രണ്ട് വര്‍ഷം ഈ തൊഴില്‍ ചെയ്തു. ”മോനെ നീ ഈ കടല വിറ്റ് നടക്കേണ്ടവനല്ല. കോഴിക്കോട് റഹ്‌മാനിയയില്‍ നിങ്ങള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാവും” – ഒരിക്കല്‍ തന്റെയടുത്ത് വന്ന ഒരു വയോധികന്‍ ചേര്‍ത്ത് പിടിച്ച് അബൂബക്കറിനോട് പറഞ്ഞ വാക്കുകള്‍ ജീവിതം മാറ്റിമറിച്ചു. 1982ല്‍ റഹ്‌മാനിയയില്‍ ഇരുവരും വിദ്യാര്‍ത്ഥികളായി. സ്‌കൂള്‍ പഠന ശേഷം നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ രണ്ടു പേര്‍ക്കും കാഴ്ച ലഭിച്ചു. എന്നാല്‍ ഈ സൗഭാഗ്യം അധികകാലം കാലം നീണ്ടുനിന്നില്ല. വീണ്ടും ഇരുട്ടിന്റെ ലോകത്തേക്ക്. കോഴിക്കോട് റഹ്‌മാനിയ വികലാംഗ വിദ്യാലയം, കൊളത്തറ വികലാംഗ വിദ്യാലയം, മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹൈസ്‌കൂള്‍, ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം.

ഫാറൂഖ് കോളേജ്, പാലക്കാട് ഗവണ്‍മെന്റ് വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി അബൂബക്കര്‍ പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കി. ഉമ്മര്‍ കണ്ണൂര്‍ സര്‍ സയ്യിദ് കോളേജില്‍ നിന്നാണ് പ്രീഡിഗ്രിയും ഡിഗ്രിയും പൂര്‍ത്തിയാക്കിയത്. ഫാറൂഖ് കോളേജില്‍നിന്ന് ബിഎഡ്, പാലക്കാട് നിന്ന് സ്‌പെഷ്യല്‍ ഡിപ്ലോമയും കഴിഞ്ഞതിനു ശേഷമാണ് രണ്ടുപേരും അധ്യാപക വൃത്തിയിലേക്ക് തിരിഞ്ഞത്. 1989 എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സ വത്തില്‍ മലയാളം പ്രസംഗം വിജയിയാണ് അബൂബക്കര്‍. ഇ- സോണ്‍, ഇന്റര്‍ സോണ്‍ കലോ ത്സവങ്ങളിലും മലയാള പ്രസംഗം, ഉപന്യാസം എന്നിവയില്‍ സമ്മാനം നേടി. പ്രഭാഷകന്‍, മോട്ടിവേഷന്‍ സ്പീക്കര്‍, എഴുത്തുകാരന്‍ അങ്ങനെ പല വേഷങ്ങളില്‍ തിളങ്ങി. പോസിറ്റീവ് കമ്യൂണ്‍ മലപ്പുറം ചാപ്റ്ററിലെ അംഗമാണ് ഇദ്ദേഹം. കൂടാതെ മലപ്പുറം ജില്ലയിലെ മലയാളം ഡി.ആര്‍.ജിമാരില്‍ ഒരാളും. മലപ്പുറം ജില്ലയിലെ പുല്ലാനൂര്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനാണ് അബൂബക്കര്‍. ഫാറൂഖ് ഗണപത് ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായി ഉമ്മറും സേവനം ചെയ്യുന്നു. ഇരുവരുടേയും അനുഭവങ്ങള്‍ക്ക് കൈപ്പും മധുരവുമുണ്ട്. ഭാര്യ മാവൂര്‍ കൂളിമാട് സ്വദേശിനി കുഞാമിന മൂന്ന് മക്കളെ നല്‍കി 2019ല്‍ യാത്രയായത് അബൂബക്കറിന്റെ മനസ്സില്‍ ഉണങ്ങാത്ത മുറിവാണ്. കഴിഞ്ഞ വര്‍ഷം പുനര്‍വിവാഹത്തിലൂടെ കാവനൂര്‍ സ്വദേശിനി റംല അബൂബക്കറിന്റെ ജീവിതത്തിലേക്ക് വന്നു. ബാലുശേരിയിലെ സുഹറയാണ് അനുജന്‍ ഉമ്മറിന്റെ നല്ലപാതി. രണ്ടുപേരും കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് പ്രവര്‍ത്തകരാണ്. കോവിഡ് കാലത്തുനിന്ന് ക്ലാസ് മുറികളിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇരുവരും ആവേശത്തിലാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ ചുട്ടെടുത്ത ജീവിതം അതിന് കരുത്തും സൗന്ദര്യവും നല്‍കുന്നു.

 

 

 

Test User: