കമാല്‍ വരദൂര്‍
ഒളിംപിക്‌സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക് മാത്രമാണല്ലോ സ്ഥാനം. പക്ഷേ ചരിത്രത്തില്‍ ആദ്യമായി വലിയ ഒരു മേളക്ക് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഇന്ത്യന്‍ കായിക ലോകവും അഭിനന്ദനക്കുറിപ്പെഴുതിയ സന്തോഷത്തില്‍ തേര്‍ഡ് ഐയും ആ വഴിയേ സഞ്ചരിക്കട്ടെ…. ഓസ്‌ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ സംഘം നടത്തിയ പ്രകടനം കേവലം സുന്ദരമായിരുന്നില്ല-സൂപ്പറായിരുന്നു. 2010 ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ് അത്‌ലറ്റിക് മല്‍സരങ്ങള്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കവെ വനിതകളുടെ ഡിസ്‌ക്കസ് ത്രോ മല്‍സരങ്ങള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഒരു സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ എന്ന നിലില്‍ ഇന്ത്യന്‍ പ്രകടനത്തില്‍ അഭിമാനം തോന്നിയത്. പത്ത് പേര്‍ മല്‍സരിച്ച ഫൈനല്‍ പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നമ്മുടെ താരങ്ങള്‍. സ്വര്‍ണമണിഞ്ഞത് കൃഷ്ണ പൂനിയ, വെള്ളി നേടിയത് ഹര്‍വന്ത് കൗര്‍, വെങ്കലം നേടിയത് സീമാ ആന്റില്‍…. ആ സന്തോഷ മുഹൂര്‍ത്തം ഒരിക്കലും മറക്കാനാവില്ല. നമ്മുടെ ജനഗണമന സ്‌റ്റേഡിയത്തില്‍ ഉയര്‍ന്ന നിമിഷം. ഡല്‍ഹിയിലെ സ്വന്തം വേദികളില്‍ ഇന്ത്യ ആ ഗെയിംസില്‍ സ്വന്തമാക്കിയത് 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലും ഉള്‍പ്പെടെ 101 മെഡലുകള്‍. അതിന് ശേഷം 2014ല്‍ സ്‌ക്കോട്ടിഷ് ആസ്ഥാനമായ ഗ്ലാസ്‌ക്കോയില്‍ പതിവ് പോലെ ഇന്ത്യന്‍ പ്രകടനം ദയനീയമായി. 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ മാത്രം. ഇത്തവണ ഗോള്‍ഡ് കോസ്റ്റിലേക്ക് വലിയ സംഘത്തെ അയച്ചപ്പോള്‍ ആദ്യ വാര്‍ത്ത വന്നത് ഇന്ത്യന്‍ ബോക്‌സര്‍മാരുടെ റൂമില്‍ നിന്നും സിറിഞ്ച് കണ്ടെത്തി എന്നായിരുന്നു. നാണക്കേടിന്റെ പുതിയ ഗാഥ ഇന്ത്യ രചിക്കുമെന്ന പ്രതീതിക്കിടെ പക്ഷേ മല്‍സരങ്ങളുടെ ആദ്യ ദിനം ഇന്ത്യ സ്വര്‍ണം നേടി. ഇന്നലെ ഗെയിംസ് സമാപിച്ചപ്പോള്‍ ഇന്ത്യ സ്വന്തമാക്കിയത് 66 മെഡലുകള്‍. ഇതില്‍ 26 സ്വര്‍ണങ്ങള്‍, 20 വെള്ളി, 20 വെങ്കലം. അത് മാത്രമല്ല പതിനൊന്ന് ഗെയിംസ് റെക്കോര്‍ഡുകളും ഇന്ത്യന്‍ താരങ്ങള്‍ തകര്‍ത്തു. ഭാരോദ്വഹനത്തില്‍ മീരാഭായി ചാനു റെക്കോര്‍ഡുകളുടെ വേലിയേറ്റം തന്നെ കാഴ്ച്ചവെച്ചതായിരുന്നു ഗെയിംസില്‍ ഇന്ത്യന്‍ കുതിപ്പിന് ഊര്‍ജ്ജമായത്. 16 വയസ്സ് മാത്രം പ്രായമുള്ള മനു ഭേക്കര്‍ വനിതാ ഷൂട്ടിംഗിലും 15 കാരനായ അനീഷ് ബന്‍വാല പുരുഷ ഷൂട്ടിംഗിലും കാഴ്ച്ചവെച്ച പ്രകടനം ലോക വേദികളില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടു. ടേബിള്‍ ടെന്നിസ് ടീം ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ എട്ട് മെഡലുകളാണ് വാരിക്കൂട്ടിയത്. മാനിക ബത്ര രണ്ട് സ്വര്‍ണവും ഒരു വെള്ളിയും വെങ്കലവുമുള്‍പ്പെടെ നാല് മെഡലുകളാണ് കഴുത്തിലണിഞ്ഞത്. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ മല്‍സരിച്ചത് ഇന്ത്യയുടെ സൈനയും സിന്ധുവും. ആറ് സ്വര്‍ണങ്ങളാണ് ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം ഗോള്‍ഡ് കോസ്റ്റില്‍ നേടിയത്.ഗെയിംസിന് നല്ല മുന്നൊരുക്കം ഇന്ത്യ നടത്തി എന്നതാണ് അഭിനന്ദനീയ ഘടകം. റിയോ ഒളിംപിക്‌സിലെ നിരാശക്ക് ശേഷം കേന്ദ്ര കായിക മന്ത്രാലയം കര്‍ക്കശമായി നീങ്ങി കായിക വഴിയിലെ വില്ലന്മാരെ ധൈര്യസമേതം നേരിട്ടത് രണ്ടാം വിജയം. ടീം സെലക്ഷനില്‍ രാഷ്ട്രീയം ശക്തമായിരുന്നില്ല എന്നത് അതിലും പ്രധാനം. നമ്മുടെ കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ഒരു മുന്‍ ഒളിംപ്യന്‍ ആയത് അതിലും വലിട ഘടകം. ആദ്യമായാണല്ലോ കായികഭരണം കായികമറിയുന്ന ഒരാളുടെ കൈകളില്‍ ലഭിച്ചത്. ഇനിയിതാ ഏഷ്യന്‍ ഗെയിംസ് വരുന്നു- തുടരട്ടെ ഈ സ്വര്‍ണ യാത്ര.