കൊല്ലം: മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നായിരുന്നു അബിഗേലിന്റെ സഹോദരന്‍ ജോനാഥന്‍ മാധ്യമങ്ങളോട് പറഞ്ഞത്.
മാധ്യമങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മതാധികാരികള്‍ക്കും കേരളത്തിലുള്ള എല്ലാ ജനങ്ങള്‍ക്കും കണ്ണീരോടെയാണ് സിജി നന്ദി പറഞ്ഞത്. ‘കേരളത്തിലുള്ളവരുടെയും കേരളത്തിന് പുറത്തുള്ളവരുടെയും പ്രാര്‍ത്ഥന ദൈവം കേട്ടു. എന്റെ കുഞ്ഞിനെ ഒരു കുഴപ്പവുമില്ലാതെ തിരിച്ചു തന്നു. ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി. എല്ലാവരോടും നന്ദിയും സ്‌നേഹവും അറിയിക്കുന്നു. ‘ സിജി മാധ്യമങ്ങളോട് പ്രതികരിച്ചു.
തന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നതെന്നറിയാതെ ആശങ്കയുടെ മുള്‍മുനയില്‍ നെഞ്ചു പൊട്ടിക്കരയുകയായിരുന്നു ഈ കുടുംബം. 20 മണിക്കൂറിലെ കണ്ണീരിനപ്പുറം ഓയൂരിലെ റെജിയുടെ വീട്ടിലിപ്പോള്‍ നിറയുന്നത് സന്തോഷാശ്രുവാണ്. കൊല്ലം എസ് എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലം ആശ്രാമം മൈതാനത്ത് കുഞ്ഞ് ഒറ്റക്കിരിക്കുന്നത് കണ്ടത്. ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നെങ്കിലും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.