ന്യൂഡല്‍ഹി: പാക്‌സേനയുടെ തടവില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ സൈനിക ആസ്പത്രിയിലെ ആരോഗ്യപരിശോധനകള്‍ക്കു ശേഷം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. സൈനിക ഇന്റലിജന്റ്‌സിനു പുറമെ ഇന്റലിജന്‍സ് ബ്യൂറോയും റായും അഭിനന്ദനെ ചോദ്യം ചെയ്യും.
പാക് സൈനികരുടെ ബന്ദിയായിരിക്കെ കഠിന മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി അഭിനന്ദന്‍ ഇന്റലിജന്റ്‌സ് ഏജന്‍സികളോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ ദിവസങ്ങളോളം ദീര്‍ഘിച്ചേക്കും. അഭിനന്ദന്റെ മാനസിക നിലയെ സ്വാധീനിച്ച് ഇന്ത്യയുടെ രാജ്യരക്ഷാ രഹസ്യങ്ങള്‍ പാക്കിസ്താന്‍ ചോര്‍ത്തിയിട്ടുണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യം.
വാഗാഅതിര്‍ത്തി വഴി വെള്ളിയാഴ്ച്ച രാത്രി ഇന്ത്യക്ക് കൈമാറ്റം ചെയ്യപ്പെട്ട അഭിനന്ദനെ അമൃത്സറിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കൊണ്ടുപോവുകയായിരുന്നു. രാത്രി 11.45ന് വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച അഭിനന്ദനെ എയര്‍ഫോഴ്‌സ് ഇന്റലിജന്റ്‌സ് സംഘം സുബ്രതോ പാര്‍ക്കിലെ എയര്‍ഫോഴ്‌സ് സെന്‍ട്രല്‍ മെഡിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റിലെത്തിച്ചു. ഇവിടെ വെച്ചാണ് കുടുംബാംഗങ്ങളും നിര്‍മ്മലാ സീതാരാമനും അഭിനന്ദനെ കണ്ടത്. ശാരീരിക മാനസിക പരിശോധനകള്‍ക്കു ശേഷം അഭിനന്ദനെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.