ഇടുക്കി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന ആരോപിച്ച് കുടുംബം. അഭിമന്യുവിനെ എറണാകുളത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് സഹോദരന്‍ പരിജിത്ത് പറഞ്ഞു. നേരത്തെ, പിതാവും ഇതേ സംശയം ആരോപിച്ചിരുന്നു. കൊലയാളികളെ വെറുതെ വിടരുതെന്ന് പിതാവ് മനോഹരനും പറഞ്ഞു.
പാര്‍ട്ടി പരിപാടിക്കായി വട്ടവടയില്‍ എത്തിയ ദിവസം മുതല്‍ അഭിമന്യുവിന് തുടര്‍ച്ചയായി ഫോള്‍കോളുകള്‍ വന്നിരുന്നുവെന്ന് സഹോദരന്‍ ഓര്‍ക്കുന്നു. എറണാകുളത്തേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും സഹോദരന്‍ പരിജിത്ത് പറയുന്നു.
അതേസമയം, അഭിമന്യുവിനെ കുത്തിയത് പരിശീലനം നേടിയ കൊലയാളികളെന്ന് അക്രമത്തില്‍ പരുക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്ന അര്‍ജുന്റെ വല്യച്ഛന്‍ ശൈലേഷ് ന്യൂസ് 18 ചാനലിനോട് പറഞ്ഞു. അര്‍ജുന്റെ കരളില്‍ രണ്ടിടത്ത് കുത്തേറ്റിട്ടുണ്ട്. അഭിമന്യുവിനൊപ്പം ആക്രമിക്കപ്പെട്ട അര്‍ജുന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. അക്രമികള്‍ കത്തി ശരീരത്തിനുള്ളില്‍ കയറ്റി തിരിച്ചെന്ന് അര്‍ജുന്‍ ബന്ധുക്കളോട് പറഞ്ഞു. സംഭവത്തിന് പിന്നില്‍ പ്രഫഷണല്‍ കൊലയാളികളാണെന്നതിന്റെ തെളിവാണിതെന്ന് അര്‍ജുന്റെ വല്യച്ഛന്‍ ശൈലേഷ് പറയുന്നു.
ഐസിയുവില്‍ കഴിയുന്നതിനാല്‍ പൊലീസിന് അര്‍ജുന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷിയും അര്‍ജുനാണ്. അഭിമന്യുവിന്റെ കൊലയാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിയമത്തിന്റെ മറ പിടിച്ച് കൊലയാളികള്‍ രക്ഷപ്പെടരുതെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും പിതാവ് മനോഹരന്‍ ആവശ്യപ്പെട്ടു.