കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം തയ്യാറായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് കുറ്റപത്രം പറയുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത 16 പേരെ പ്രതികളാക്കി ആദ്യ കുറ്റപത്രം നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
ഗുഢാലോചനയില്‍ പങ്കാളികളായവര്‍ക്കും പ്രതികളെ സഹായിച്ചവര്‍ക്കുമെതിരെ അടുത്തഘട്ടം കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. മുഹമ്മദ് ഷഹീം ഉള്‍പ്പെടെ ആറ് പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജില്‍ ചുവരെഴുതുന്നതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തിനിടെ ഇടത് നെഞ്ചില്‍ കുത്തേറ്റാണ് അഭിമന്യു മരിച്ചത്. നാല് സെന്റിമീറ്റര്‍ വീതിയും ഏഴ് സെന്റീമീറ്റര്‍ നീളവുമുള്ള കത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.