X

അഭിമന്യു വധം : പൊലീസിനെതിരെ മൂന്നു വീട്ടമ്മമാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ പീഡനം ആരോപിച്ച് പൊലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഭര്‍ത്താക്കന്‍മാരെയും മക്കളേയും കസ്റ്റഡിയിലെടുക്കുകയും അന്യായ തടങ്കലില്‍വെച്ച് പീഡിപ്പിക്കുകയാണെന്നും ആരോപിച്ച് മൂന്നു വീട്ടമ്മമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആലുവ ചുണങ്ങംവേലി സ്വദേശിനി ഷഹര്‍ബാന്‍, പള്ളുരുത്തി സ്വദേശിനികളായ നാദിറ,മന്‍സിയ എന്നിവരാണ് കോടതിയെ സമീപിച്ചത്. അഭിമന്യൂ വധത്തില്‍ പങ്കുണ്ടെന്നാരോപിച്ച് മക്കളായ ആരിഫിനേയും ആദിലിനേയും അന്വേഷിക്കുന്ന പൊലീസ് കുടുംബത്തെ ഒന്നടങ്കം പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പീഡിപ്പിക്കുകയാണെന്ന് ഷഹര്‍ബാന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭര്‍ത്താവ് മുഹമ്മദ് സലിമിനെ കസ്റ്റഡിയില്‍ എടുത്ത് ഒരു ദിവസം അന്യായ തടങ്കലില്‍ വെച്ചശേഷം ഹൈക്കോടതി മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാക്കി ജയിലില്‍ അടച്ചു.
19 കാരനായ മകന്‍ ആമിറിനെ പൊലീസ് അന്യായ തടങ്കലിലാക്കിയെന്നും പ്രായപൂര്‍ത്തിയാവാത്ത മകളേയും തന്നെയും സ്‌റ്റേഷനില്‍ വിളിപ്പിച്ച് മണിക്കുറുകളോളം ഇരുത്തിയെന്നും ഷഹര്‍ബാന്‍ ഹര്‍ജിയില്‍ പറയുന്നു. ആരിഫിനെ കിട്ടിയില്ലെങ്കില്‍ അമീറിനെ കേസില്‍ പ്രതിയാക്കുമെന്ന്
പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭര്‍ത്താക്കന്‍മാരെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് നാദിറയുടേയും മന്‍സിയയുടേയും പരാതി. ഹര്‍ജികള്‍ കോടതി നാളെ പരിഗണിക്കും.

chandrika: