X

അഭിലാഷ് ടോമി അപകടത്തില്‍ പെട്ടു

 

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ അഭിലാഷ് ടോമി അപകടത്തില്‍പെട്ടു. പെര്‍ത്തില്‍നിന്നു 3000 കിലോമീറ്റര്‍ പടിഞ്ഞാറു വച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ജൂലൈ ഒന്നിനു ഫ്രാന്‍സിലെ ലെ സാബ്ലെ ദൊലോന്‍ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്‌ലാന്റിക് സമുദ്രവും ഇന്ത്യന്‍ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാന്‍ഡര്‍ അഭിലാഷ് ടോമിയുടെ പായ്വഞ്ചി ‘തുരിയ’, ഇന്ത്യന്‍ നാവികസേനയുടെ തട്ടകമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിര്‍ത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മല്‍സരത്തില്‍ പങ്കെടുക്കുന്ന 18 പായ് വഞ്ചികളില്‍, ഫ്രാന്‍സില്‍നിന്നുള്ള വെറ്ററന്‍ നാവികന്‍ ജീന്‍ ലുക് വാന്‍ ഡെന്‍ ഹീഡാണ് ഒന്നാമത്. 50 വര്‍ഷം മുന്‍പത്തെ കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തില്‍, ഏഴുപേര്‍ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉള്‍പ്പെടെ 11 പേരാണു മല്‍സരരംഗത്തു ബാക്കി.

ഗോള്‍ഡന്‍ ഗ്ലോബ് റേസിലെ വേഗ റെക്കോര്‍ഡിനും അഭിലാഷ് അര്‍ഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈല്‍ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോര്‍ഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകള്‍ക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാര്‍ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോണ്‍ തീരുകയാണെന്നും വഞ്ചിയില്‍ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങാതെ മാര്‍ഗമില്ലെന്നുമാണു സന്ദേശം.

chandrika: