X

ഗതി കിട്ടാതെ ഗോകുലം; ആരോസിനോടും തോറ്റു

ടി.കെ ഷറഫുദ്ദീന്‍

യുവനിരയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ കളിമറന്ന് ഗോകുലം കേരള എഫ്.സി. ഐലീഗിലെ നിര്‍ണായക മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് ഇന്ത്യന്‍ ആരോസാണ് കേരളത്തെ കീഴടക്കിയത്. മത്സരത്തിന്റെ 77മിനിറ്റില്‍ അഭിജിത്ത് സര്‍ക്കാര്‍ സന്ദര്‍ശകടീമിനായി ലക്ഷ്യംകണ്ടു. മലയാളിതാരം കെ.പി രാഹുലിന്റെ ഭാവനാപൂര്‍ണമായ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിനുടനീളം മികവ് പുലര്‍ത്തിയ രാഹുലിനെ നിറകൈയടിയോടെയാണ് കാണികള്‍ എതിരേറ്റത്.
വിരസമായ ആദ്യപകുതിയ്ക്ക് ശേഷം ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയ കുട്ടികളുടെ സംഘം അര്‍ഹിച്ച ജയമാണ് കോര്‍പറേഷന്‍സ്റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഹോമത്സരത്തില്‍ കേരളത്തിനോട് നേരിട്ട തോല്‍വിക്കുള്ള മധുരപ്രതികാരം കൂടിയായി ഈ ജയം. നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞതായിരുന്നു മത്സരം. ആതിഥേയ ടീമിന് മാത്രം പിന്തുണ നല്‍കുന്നതായിരുന്നു പതിവ് ഗ്യാലറി കാഴ്ചയെങ്കില്‍ ഇന്ത്യയുടെ കൗമാര ലോകകപ്പ് സംഘത്തിന് പ്രോത്സാഹനമായി നിരവധി പേരാണ് ഗ്യാലറിയിലുണ്ടായിരുന്നത്.

 

ഐലീഗില്‍ ഫോംകണ്ടെത്താതെ കിതക്കുന്ന ആതിഥേയര്‍ക്ക് ഇന്നലത്തെ തോല്‍വി കൂടിയായതോടെ ടൂര്‍ണമെന്റിലെ സാധ്യതകള്‍മങ്ങി. സ്വന്തംതട്ടകത്തില്‍ തുടര്‍ച്ചയായി തലതാഴ്ത്തി മടങ്ങുന്ന കേരളം എട്ട് കളിയില്‍ നിന്ന് ഒരുജയവും സമനിലയും ആറുതോല്‍വിയുമായി പോയന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. അതേസമയം പത്ത്കളിയില്‍ മൂന്ന് ജയവും ഒരുസമനിലയും ആറ് തോല്‍വിയുമുള്ള ആരോസ് നിലമെച്ചപ്പെടുത്തി. ഐലീഗില്‍ ഏറ്റവും അവസാന സ്ഥാനത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സുമായാണ് കേരളത്തിന്റെ അവസാന മത്സരം.

 

മൂന്നാം മിനിറ്റില്‍ ആരോസ് മുന്നേറ്റത്തോടെയാണ് മത്സരം ഉണര്‍ന്നത്. മലയാളിതാരം രാഹുലിന്റെ ക്രോസില്‍ അങ്ഗിത് സിങ് ഉതിര്‍ത്ത ഷോട്ട് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയത് ശ്വാസംഅടക്കിപിടിച്ചാണ് കാണികള്‍ വീക്ഷിച്ചത്. 11ാം മിനുട്ടില്‍ കേരള മിഡ്ഫീല്‍ഡര്‍ ഫ്രാന്‍സിസ് സേവ്യര്‍ എടുത്ത ഫ്രീകിക്ക് നൈജീരിയന്‍ താരം ഒഡാഫയുടെ ഹെഡ് അപകടകരമാംവിധം പുറത്തേക്ക് പോയി. പതിമൂന്നാം മിനുട്ടില്‍ ഇടത് വിംഗിലൂടെ രാഹുലിന്റെ അതിവേഗ മുന്നേറ്റം കേരള ഡിഫന്‍സില്‍ തട്ടിതകര്‍ന്നു. 15ാം മിനിറ്റില്‍ ബോറിസിംഗ് തംഗ്ജത്തിന്റെ പോസ്റ്റിലേക്കുള്ള ഷോട്ട് കേരള ഗോളി ബിലാല്‍ ഹുസൈന്‍ കൈപിടിയിലൊതുക്കി അപകടം ഒഴിവാക്കി. മധ്യനിരയില്‍ കാര്യമായ മുന്നേറ്റമില്ലാതായതോടെ മാച്ചിന്റെ 30മിനിറ്റില്‍ കേരളം ഫ്രാന്‍സിസിനെ പിന്‍വലിച്ച് അണ്ടര്‍ 22 താരം കൈതംവിക്കിയെ കളത്തിലിറക്കി.

ഗോള്‍ലക്ഷ്യമാക്കി രണ്ടാംപകുതിയില്‍ ഇരുടീമുകളും കളംനിറഞ്ഞതോടെ മത്സരത്തിന് വേഗംകൈവന്നു. വിങുകളിലൂടെയും മധ്യത്തിലൂടെയും ഒരുപോലെ മുന്നേറിയ ആരോസിനെ പിടിച്ചുകെട്ടാന്‍ കേരള പ്രതിരോധം ഏറെപണിപ്പെട്ടു. മധ്യനിരയും മുന്നേറ്റവും തമ്മില്‍ ഏകോപനമില്ലാത്തത് ആതിഥേയരുടെ പ്രകടനത്തെ വലിയ തോതില്‍ബാധിച്ചു. മികച്ച സ്‌ട്രൈക്കറുടെ അഭാവവും വെല്ലുവിളിയായി. മറുവശത്ത് ക്യാപ്റ്റന്‍ അമര്‍ജിത്ത് സിങും കെ.പി രാഹുലുമടങ്ങുന്ന മധ്യനിര അവസരങ്ങളൊരുക്കി കളംനിറഞ്ഞു. 52ാം മിനുട്ടില്‍ വലത് വിംഗില്‍ നിന്നും രാഹുല്‍ നല്‍കിയ ക്രോസ് സഞ്ചീവ് സ്റ്റാലിന്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ഗോള്‍ പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഭാഗ്യം കേരളത്തിനൊപ്പമായിരുന്നു. കളിയുടെ 77ാം മിനുട്ടില്‍ ആരോസ് കാത്തുനിന്ന ഗോള്‍ പിറന്നു. ഇടത് വിംഗില്‍ രാഹുല്‍ നല്‍കിയ ക്രോസ് മുന്നോട്ട് കയറിയ കേരള ഗോളിക്ക് കൈപ്പിടിയിലൊതുക്കാനായില്ല. ഓടിയെത്തിയ അഭിജിത് സര്‍ക്കാര്‍ പന്ത് പോസ്റ്റിന്റെ വലത് മൂലയിലേക്ക് തട്ടിയിടുകയായിരുന്നു. ഗോള്‍വഴങ്ങിയതോടെ ഗോകുലം എങ്ങനെയും ഗോള്‍കണ്ടെത്താനായി ആക്രമിച്ചുകളിച്ചെങ്കിലും സമയം വൈകിയിരുന്നു. ഒഡാഫയേയും മുഹമ്മദ് റാഷിദിനേയും പിന്‍വലിച്ച് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ഇര്‍ഷാദിനേയും ബഹറൈന്‍താരം മഹമൂദ് മെര്‍സയേയും കോച്ച് ബിനോ ജോര്‍ജ്ജ് അവസരം നല്‍കിയെങ്കിലും യാതൊന്നും സംഭവിച്ചില്ല. വിദേശതാരങ്ങളില്ലാതെയിറങ്ങിയ ആരോസിന്‌മേല്‍ നേടിയ മാനസികമുന്‍തൂക്കം ഫലപ്രദമായി വിനിയോഗിക്കാനും കേരള ടീമിന് കഴിഞ്ഞില്ല.

chandrika: