തിരുവനന്തപുരം: ഏറെ വിവാദമായ സിസ്റ്റര്‍ അഭയ കേസിലെ വിചാരണ വേളയില്‍ സാക്ഷി കൂറുമാറി. അഭയയോടൊപ്പം കോണ്‍വെന്റില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്. അനുപമ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി അംഗീകരിച്ചു. സിസ്റ്റര്‍ അഭയുടെ ശിരോവസ്ത്രവും ചെരിപ്പും കിണറിന് അരികില്‍ കണ്ടിരുന്നുവെന്ന് സിസ്റ്റര്‍ അനുപമ മുമ്പ് മൊഴി നല്‍കിയിരുന്നു. ഇതാണ് മാറ്റിപ്പറഞ്ഞത്.
പ്രോസിക്യൂഷന്‍ പട്ടികയില്‍ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒന്ന്, രണ്ട് സാക്ഷികള്‍ മരിച്ചതിനെ തുടര്‍ന്നാണ് സിസ്റ്റര്‍ അനുപമയെ ഒന്നാം സാക്ഷിയായി വിസ്തരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് അനുപമ ഇന്ന് കോടതിയില്‍ പറഞ്ഞത്. വസ്ത്രങ്ങള്‍ കണ്ടിരുന്നു എന്ന് തിരുത്തിയതിനൊപ്പം പഠിച്ചു കൊണ്ടിരുന്നപ്പോള്‍ കിണറ്റിനുള്ളില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും തിരുത്തി. അസ്വാഭാവികമായി ഒന്നും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ലെന്നാണ് സിസ്റ്റര്‍ അനുപമ കോടതിയില്‍ ഇന്ന് പറഞ്ഞത്.
2009 ല്‍ കുറ്റപത്രം സമര്‍പ്പിച്ച അഭയ കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയില്‍, െ്രെകം ബ്രാഞ്ച് മുന്‍ എസ് പി, കെ ടി മൈക്കിള്‍ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.