തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരിനും ഫാദര്‍ ജോസ് പുതൃക്കയിലിനുമെതിരെ സാക്ഷിയുടെ നിര്‍ണായക മൊഴി. സിസ്റ്റര്‍ അഭയയുടെ അധ്യാപികയും കോട്ടയം ബിസിഎം കോളജിലെ പ്രൊഫസറുമായിരുന്ന ത്രേസ്യാമ്മയാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. കോട്ടൂരിനെതിരെ പല പെണ്‍കുട്ടികളും തന്നോട് പരാതികള്‍ പറഞ്ഞിരുന്നുവെന്ന് ത്രേസ്യാമ്മ പറഞ്ഞു. കേസ് ഇനി ഒക്ടോബര്‍ ഒന്നിന് പരിഗണിക്കും. കേസ് വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ആറ് സാക്ഷികളാണ് കൂറുമാറിയിരിക്കുന്നത്.
കോട്ടൂരിനെതിരെ പല പെണ്‍കുട്ടികളും തന്നോട് പരാതികള്‍ പറഞ്ഞിരുന്നു. കോട്ടൂര്‍ സ്വഭാവ ദൂഷ്യമുള്ള ആളാണെന്നും ത്രേസ്യാമ്മ മൊഴി നല്‍കി. പ്രതികള്‍ക്കെതിരെ വിദ്യാര്‍ഥിനികള്‍ നേരത്തെയും പരാതി പറഞ്ഞിരുന്നു. ക്ലാസ് മുറിയില്‍ പ്രതികള്‍ മോശമായി പെരുമാറിയിരുന്നെന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു.
സിസ്റ്റര്‍ അഭയയുടെ മൃതദേഹം കാണാന്‍ ചെന്നപ്പോള്‍ മൃതദേഹം കാണിച്ചുതന്നത് ഫാദര്‍ ജോസ് പുതൃക്കയില്‍ ആയിരുന്നു. മൃതദേഹം കാണാനെത്തിയപ്പോള്‍ അഭയയുടെ മുഖത്ത് മുറിവ് കണ്ടിരുന്നുവെന്നും ത്രേസ്യാമ്മ പറഞ്ഞു.