ഹജ്ജ് യാത്രക്ക് വേണ്ടി പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന് ഇമെയില്‍ സന്ദേശം അയച്ച് മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി. ഇപ്പോഴത്തെ നിയമമനുസരിച്ച് ഹജ്ജിനു പോകുന്ന പ്രവാസികള്‍ അവരുടെ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 നകം സമര്‍പ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാരണത്താല്‍ 90 ഓളം ദിവസം പ്രവാസികള്‍ക്ക് നാട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് പരിഹരിക്കുന്നതിന് വേണ്ടി പാസ്‌പോര്‍ട്ട് സബ്മിഷന്‍ ഓണ്‍ലൈന്‍ വഴിയാക്കണമെന്നും ഹജ്ജ് പാക്കേജ് 20 ദിവസമായി കുറക്കണമെന്നും പ്രവാസികള്‍ക്ക് അവസാനത്തെ ഹജ്ജ് ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്യാനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നും സമദാനി മന്ത്രിയോട് ആവശ്യപ്പെട്ടു.