വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിറ്റഴിക്കാനുള്ള രസായന കൂട്ടിന്റെ പരസ്യത്തില്‍ ഇനി എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ ഛായചിത്രവും നമുക്ക് പ്രതീക്ഷിക്കാം. നേതാവിന്റെ മകനായി ജനിക്കുന്നു എന്നത് കൊണ്ട് ആരും നേതാവായി മാറുന്നില്ല. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.
അനുഭവത്തിന്റെ മൂശയില്‍ ഉരുക്കി ശുദ്ധീകരിക്കപ്പെടുമ്പോഴാണല്ലോ കറകളഞ്ഞ നേതാക്കള്‍ പിറവിയെടുക്കുന്നത്.
ജനങ്ങള്‍ അവരെ നേതാവായി തെരഞ്ഞെടുക്കണം. എകെ ആന്റണി സമുന്നതനായ നേതാവാണ്. നിത്യജീവിതത്തിലെ വ്യക്തി വിശുദ്ധി കൊണ്ടും കാപട്യമില്ലാത്ത നേതൃഗുണം കൊണ്ടും അദ്ദേഹം വേറിട്ടു നില്‍ക്കുന്നു. അനില്‍ ആന്റണിയെ കോണ്‍ഗ്രസ്സ് കുടുംബത്തില്‍ പിറന്ന സാങ്കേതിക പരിജ്ഞാനമുള്ള ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ മാത്രമാണു സമൂഹത്തിനറിയുന്നത്. ഒരു രാഷ്ട്രീയ നേതാവായി അദ്ദേഹത്തെയാരും കണ്ടിട്ടില്ല. ഇപ്പോള്‍ അദ്ദേഹം അല്‍ഫോന്‍സ് കണ്ണന്താനവും ടോം വടക്കനുമൊക്കെ വീണ വാരിക്കുഴിയില്‍ വീണപ്പോഴാണു അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് ജനം അറിയുന്നത്. കാരിരുമ്പിനേക്കാള്‍ കടുത്ത ഹൃദയമുള്ളവര്‍ക്കേ എ കെ ആന്റണിയെന്ന പിതാവിന്റെ കണ്ണു നീരിന്റെ തീഷ്ണത അറിയാതെ പോവുകയുള്ളു. മാതാപിതാക്കളുടെ കണ്ണുനീരിനു നിര്‍ണ്ണയിക്കാനാവാത്ത സംഹാര ശേഷിയുണ്ടെന്ന് രുചിച്ചറിഞ്ഞ മക്കള്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളിലുമുണ്ട്.
‘ബി ജെ പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുളവാക്കുന്നതും തികച്ചും തെറ്റായതുമാണു.
അവസാനശ്വാസം വരെ ഞാന്‍ ആര്‍ എസ് എസിന്റേയും ബി ജെ പിയുടേയും വിനാശകരമായ നയത്തിനെതിരെ ശബ്ദമുയര്‍ത്തും’. രാഷ്ട്രീയ രംഗത്ത് ഏറെ പരിണിത പ്രജ്ഞനായ കോണ്‍ഗ്രസ് നേതാവു കൂടിയായ എ കെ ആന്റണിയെന്ന പിതാവിന്റെ ദൃഡനിശ്ചയം മതേതര ഇന്ത്യ തിരിച്ചറിയുന്നുണ്ട്. സംഘ് പരിവാറിന്റെ ആഘോഷത്തില്‍ ഇടതു നേതാക്കള്‍ പങ്കാളികളാകുന്നത് അഭികാമ്യമല്ല. മകന്‍ മരിച്ചെങ്കിലും മരുമകളുടെ കണ്ണുനീര്‍ കാണാന്‍ കൊതിക്കുന്ന അമ്മായിയമ്മയായി ഇടതു കക്ഷികള്‍ അധ:പതിക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.