ലോക മലയാളി സമൂഹത്തെ ചേര്‍ത്തുനിര്‍ത്തി സ്വപ്‌നതുല്യമായി സമാഹരിച്ച തുകയില്‍ നിന്ന് അബ്ദുറഹീമിന്റെ മോചന ദ്രവ്യത്തിനാവശ്യമായ വിഹിതം റിയാദിലെ ഇന്ത്യന്‍ എംബസിയിലേക്ക് കൈമാറി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ സ്വദേശി എം.പി അബ്ദു റഹീമിന്റെ മോചനത്തിനായി ദിയ ധനം നല്‍കാനുള്ള പതിനഞ്ച് മില്യണ്‍ സഊദി റിയാലിന് തുല്യമായ തുകയാണ് റിയാദ് ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതെന്ന് നാട്ടിലെ അബ്ദുറഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും റിയാദിലെ നിയമസഹായ സമിതിയും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയാണ് ട്രസ്റ്റ്ഭാരവാഹികള്‍ തുക വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ദിയാധനം കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരിനും കുടുംബത്തിനും ലഭിച്ചത്.
ഉടനെ തെന്നെ ട്രസ്റ്റ് ഭാരവാഹികള്‍ റിയാദിലെ നിയമസഹായ സമിതിയുമായി സഹകരിച്ചുകൊണ്ട് പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. അതോടപ്പം എംബസിയില്‍ നിന്ന് പണം കൈമാറ്റത്തിനാവശ്യമായ അഫിഡറ്റും റഹീമിന്റെ കുടുംബം ഇന്നലെ രാവിലെ എംബസിയിലെത്തിച്ചു.
വൈകാതെ തെന്നെ എംബസി കോടതിയുടെ പേരിലുള്ള സെര്‍ട്ടിഫൈഡ് ചെക്ക് ഗവര്‍ണറേറ്റിന് കൈമാറും.ചെക്ക് ലഭിച്ചാലുടന്‍ അനുരഞ്ജന കരാറില്‍ ഒപ്പു വെക്കാന്‍ കൊല്ലപ്പെട്ട അനസിന്റെ അനന്തരവകാശികളോ അല്ലെങ്കില്‍ അവര്‍ ചുമതലപ്പെടുത്തിയ വക്കീലോ ഗവര്‍ണറേറ്റ് മുമ്പാകെ ഹാജരാകും.
അബ്ദു റഹീം ട്രസ്റ്റ് സമിതി ചെയര്‍മാന്‍ കെ സുരേഷ്, ജനറല്‍ കണ്‍വീനര്‍ കെ കെ ആലിക്കുട്ടി മാസ്റ്റര്‍, ട്രഷറര്‍ എം ഗിരീഷ് കോ ഓഡിനേറ്റര്‍മാരായ മജീദ് അമ്പലക്കണ്ടി, എം മൊയ്തീന്‍ കോയ, കുടുംബാങ്ങളായ അബ്ബാസ് തൊടിയില്‍ ,നസീര്‍ കോടാമ്പുഴ ,ജവാദ് പെരുമുഖം. ഗോപി കൊടക്കല്ല് തുടങ്ങിയവര്‍ നാട്ടിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം കൊടുത്തു.