തിരുവനന്തപുരം: ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാനും മൂത്ത മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനുമായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി നാളെ കേരളത്തിലെത്തും. നാളെ ഉച്ചക്ക് 2.20നുള്ള എയര്‍ ഏഷ്യ വിമാനത്തില്‍ ബെംഗളൂരുവില്‍ നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി 3.30ഓടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങും. നെടുമ്പാശ്ശേരിയില്‍ നിന്ന് റോഡുമാര്‍ഗം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്ക് പോകും.
നേരത്തെ അനുവദിച്ചിരുന്ന സമയക്രമത്തില്‍ നാല് ദിവസം കഴിഞ്ഞതിനാല്‍ കേരളത്തില്‍ തങ്ങേണ്ട സമയവും കോടതി നീട്ടി നല്‍കിയിട്ടുണ്ട്. ഈ മാസം ഒന്ന് മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നത്. ഇത് ആഗസ്റ്റ് ആറ് മുതല്‍ 19 വരെയാക്കി സുപ്രീം കോടതി നീട്ടി നല്‍കുകയായിരുന്നു.
നേരത്തെ കര്‍ണാടക സര്‍ക്കാറിന്റെ നടപടിയെ സുപ്രീം കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. വന്‍ തുക സുരക്ഷാ ചെലവില്‍ ഉള്‍പ്പെടുത്തിയ കര്‍ണാടക പോലീസിന്റെ ആവശ്യം പുനപ്പരിശോധിക്കണമെന്നും സുരക്ഷ നല്‍കുന്ന ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ ടിഎയും ഡിഎയും മാത്രം ഉള്‍പ്പെടുത്തിയാല്‍ മതിയെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഇതേ തുടര്‍ന്നാണ്, സുരക്ഷാ ചെലവ് 1,18,000 രൂപയായി വെട്ടിച്ചുരുക്കിയതായി കര്‍ണാടക കോടതിയെ അറിയിച്ചത്.ഇത് മഅ്ദനിയുടെ അഭിഭാഷകര്‍ അംഗീകരിക്കുകയും ചെയ്തു. സുപ്രീം കോടതി വരെ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് ശേഷമാണ് മഅ്ദനി കേരളത്തിലെത്തുന്നത്.