മലപ്പുറം: മുസ്‌ലിം ലീഗിനെ വൈറസിനോടുപമിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിടുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി വി അബ്ദുല്‍ വഹാബ് എംപി.
രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തീ പകരാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്നും യോഗിക്ക് ചരിത്രമറിയില്ലെങ്കില്‍ അതുപഠിക്കണമെന്നും ദേശീയ മാധ്യമമായ സിഎന്‍എന്നിനോട് പ്രതികരിക്കവെ, വഹാബ് എംപി പറഞ്ഞു.
50 വര്‍ഷമായി കോണ്‍ഗ്രസ്-മുസ്ലിം ലീഗ് കൂട്ടുകെട്ട് രാജ്യത്ത് ശക്തമായി നിലവിലുണ്ട്. ബിജെപിയുടെ തന്നെ മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയ് അടക്കമുള്ളവര്‍ മുസ്‌ലിം ലീഗിനെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായി പരിഗണിച്ചുവെന്നതിന്റെ തെളിവാണ് ഇ അഹമ്മദിനെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യ രാഷ്ട്ര സംഘടനയില്‍ സംസാരിക്കാന്‍ അയച്ചത്. പച്ച നിറത്തിലുള്ള കൊടിമാത്രം നോക്കി മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം ചര്‍ച്ചയാക്കാന്‍ ശ്രമിക്കുന്നത് വര്‍ഗീയ താല്‍പര്യങ്ങള്‍ ലക്ഷ്യം വെച്ചാണെന്നതില്‍ തര്‍ക്കമില്ല.
ജനതാദള്‍ അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ പച്ച നിറത്തിലുള്ള കൊടി ഉപയോഗിക്കുന്നു. ഇതില്‍ മുസ്‌ലിം ലീഗിന്റെ കൊടി മാത്രം പാക്കിസ്ഥാന്റെ കൊടിയുടെ നിറത്തിലുള്ളതെങ്ങിനെ ആകുന്നുവെന്ന് പി വി അബ്ദുല്‍ വഹാബ് ചോദിച്ചു. പച്ച നിറം എങ്ങനെ രാജ്യത്ത് ചതുര്‍ഥിയാകുന്നുവെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് തീ പകരാനുള്ള അജണ്ടയുടെ ഭാഗമാണ് ഈ നീക്കം. 50 വര്‍ഷമായി കോണ്‍ഗ്രസ്-മുസ്ലിം ലീഗ് കൂട്ടുകെട്ട് രാജ്യത്ത് ശക്തമായി നിലവിലുണ്ട്. യു പി എ സര്‍ക്കാര്‍ തിരിച്ചു വരുന്നതിന് ശക്തമായ നിലപാടുമായി പാര്‍ട്ടി നേതൃത്വം മുന്നോട്ട് പോവുകയാണ്. ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് രാജ്യത്ത് വിശ്വാസമര്‍പ്പിക്കാന്‍ കഴിയുന്ന പാര്‍ട്ടിയായി മുസ്‌ലിം ലീഗ് മാറിയത് ഒറ്റ ദിവസം കൊണ്ടല്ല. പാര്‍ട്ടിയുടെ ചരിത്രം പഠിച്ചാല്‍ മനസിലാകുന്ന കാര്യമാണിത്.
ബാബറി മസ്ജിദ് തകര്‍ത്ത വേളയില്‍ അന്നത്തെ പാര്‍ട്ടി നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വീകരിച്ച നിലപാട് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തതാണ്. ഇത്തരം കാര്യങ്ങള്‍ അറിയാതെയാണ് യോഗി ആദിത്യനാഥ് മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.