Categories: GULFnews

അബ്ദുള്‍ റഹീമിന്റെ മോചനം: റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം

സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.

18 വര്‍ഷമായി സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30ന് ഓണ്‍ലൈന്‍ വഴിയാണ് കോടതി കേസ് പരിഗണിക്കുക. അബ്ദുറഹീമും അഭിഭാഷകനും ഓണ്‍ലൈന്‍ വഴി ഹാജരാകും. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോള്‍, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല.

മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയോ എന്ന് വ്യക്തമല്ല. ഇന്നെങ്കിലും ജയില്‍ മോചന ഉത്തരവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006ല്‍ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ്.

മലയാളികള്‍ സ്വരൂപിച്ച് നല്കിയ 15 മില്യണ്‍ റിയാല്‍ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. എട്ട് മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

webdesk13:
whatsapp
line