X

ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്നു കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല; പൂന്തുറ സിറാജിന്റെ രാജിയില്‍ മഅ്ദനി

ബംഗളൂരു: പാര്‍ട്ടി നേതാവ് പൂന്തുറ സിറാജ് ഐഎന്‍എല്ലിലേക്ക് ചേക്കേറിയതില്‍ പ്രതികരണവുമായി പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്കിലാണ് മഅദനിയുടെ പ്രതികരണം. ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി മഅ്ദനി ബാംഗളുരുവില്‍ നിന്ന് അറിയിച്ചു.

ഇരുപത്തി അഞ്ച് വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മികതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്ന് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഐഎന്‍എല്ലിലേക്ക് കൂടു മാറി തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്കവിളാകം ഡിവിഷനില്‍ നിന്ന് പൂന്തുറ സിറാജ് മത്സരിക്കുന്നുണ്ട്. പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് അടുത്തിടെ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ പിന്തുണ ലഭിച്ചിരുന്നില്ല. നാമനിര്‍ദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജ് തഴയപ്പെട്ടിരുന്നു.

Test User: