താന്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. ബാംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യത്തിലുള്ള മഅ്ദനി ഇന്നലെയാണ് കേരളത്തിലെത്തിയത്. ജന്മനാട്ടിലെത്തിയ മഅ്ദനി മാതാപിതാക്കളെ കണ്ടു.
തന്നെ ഭയക്കുന്ന ചിലരാണ് നാട്ടിലേക്കുള്ള യാത്രക്ക് തടസ്സം നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കടുത്ത മനുഷ്യാവകാശലംഘനമാണ് തനിക്കെതിരെ നടക്കുന്നത്. തന്റെ അവസാന നിദ്ര അന്‍വാര്‍ശേരിയുടെ മണ്ണിലായിരിക്കണമെന്നാണ് ആഗ്രഹം. അതിനായി ഭരണകൂടത്തോട് അപേക്ഷിക്കുകയാണ്. കേരളത്തിലേക്കുളള തന്റെ വരവ് ചിലരുടെ ഉറക്കം കെടുത്തുന്നുണ്ട്. ഇവരാണ് തന്റെ സ്വാതന്ത്ര്യം തടയാന്‍ ശ്രമിക്കുന്നതെന്നും കൊല്ലത്ത് അന്‍വാര്‍ശേരിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ മഅ്ദനി പറഞ്ഞു.
നാളെ ഉച്ചയോടെ മഅ്ദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി തലശ്ശേരിയിലേക്ക് പോകും. ശനിയാഴ്ച്ചയാണ് കൊല്ലത്ത് വിവാഹസല്‍ക്കാരം നടക്കുന്നത്. 19ന് മഅ്ദനി ബാംഗൂരിലേക്ക് തിരിച്ചുപോകും. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് മഅ്ദനി നെടുമ്പാശ്ശേരിയിലെത്തിയത്. അവിടെനിന്ന് റോഡുമാര്‍ഗ്ഗം അന്‍വാര്‍ശ്ശേരിയിലേക്ക് പോവുകയായിരുന്നു.