ബാംഗളൂരു: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി ഇന്ന് കേരളത്തിലെത്തും. കേരളത്തിലേക്കുള്ള യാത്രക്ക് എന്‍.ഐ.എ കോടതി അനുവാദം നല്‍കിയിട്ടും ബാംഗളൂരു പൊലീസിന്റെ സുരക്ഷാ അനുമതി വൈകിച്ചതോടെ വ്യാഴാഴ്ച യാത്ര മുടങ്ങിയിരുന്നു. രാവിലെ ബാംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന മഅ്ദനി വൈകുന്നേരം കരുനാഗപ്പള്ളിയില്‍ എത്തും. സ്വന്തം ചെലവില്‍ മഅ്ദനി നാട്ടിലേക്ക് പോകുന്നതിന് എതിര്‍പ്പില്ലെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്.
കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മഅ്ദനിയ്ക്ക് അകമ്പടി പോകാന്‍ പൊലീസുകാര്‍ ഇല്ലെന്നാണ് ബാംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിരുന്നത്. പിന്നീട് സിറ്റി ആംഡ് റിസര്‍വ്(സി.എ.ആര്‍) പൊലീസിന്റെ സഹായത്തോടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനെ തുടര്‍ന്നാണ് ഇന്നു കേരളത്തിലേക്ക് മടങ്ങാന്‍ മഅ്ദനിക്ക് അവസരമൊരുങ്ങിയത്.
മേയ് മൂന്നു മുതല്‍ 11 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. അര്‍ബുദ രോഗിയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി അപേക്ഷ നല്‍കിയത്.