തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് എ.പി.ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ നല്‍കുന്ന ഡോ.എ.പി.ജെ അബ്ദുല്‍കലാം നാഷണല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാലായിരം നിര്‍ദ്ധനര്‍ക്ക് വീട് വച്ച് നല്‍കിയ കാരുണ്യഭവന പദ്ധതിയുടെ ശില്‍പിയും ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകമേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കും എല്‍.പി.എസ്.സിയുടെ ഡയറക്ടര്‍ ഡോ.വി നാരായണനുമാണ് അവാര്‍ഡ്.
മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രെഫ.കെ അരവിന്ദാക്ഷന്‍, പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിളയോടി വേണുഗോപാല്‍, കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.എന്‍ ഗിരി എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കലാമിന്റെ ചരമദിനമായ 27ന് നാലു മണിക്ക് ബെംഗളൂരു ലളിത് അശോക് ഹോട്ടലില്‍ വച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് അബ്ദുല്‍ കലാം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ പൂവച്ചല്‍ സൂധീര്‍ അറിയിച്ചു. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ സ്‌നേഹാദരവ് സമര്‍പ്പിക്കും. ഊര്‍ജ്ജ വകുപ്പ് മന്ത്രി കെ.ജെ ജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും.