കൊച്ചി: തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരള പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെയും സംശയാസ്പദമായി ഒന്നും കണ്ടെത്താനാവാത്തതോടെ വിട്ടയച്ചു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ എന്‍.ഐ.എയും തമിഴ്‌നാട് പൊലീസും ക്യൂബ്രാഞ്ചും ചോദ്യം ചെയ്തിരുന്നു. പ്രത്യേക സംഘങ്ങളായാണ് ചോദ്യം ചെയ്തത്. ഇയാള്‍ക്കൊപ്പമെത്തിയ ബത്തേരി സ്വദേശിനിയായ യുവതിയെയും ചോദ്യം ചെയ്തു. എന്നാല്‍ ഇരുവരില്‍ നിന്നും സംശയാസ്പദമായി ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് 24 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയിക്കുകയായിരുന്നു. ഏത് സമയത്തും അന്വേഷണസംഘം വിളിച്ചാല്‍ എത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മടവന സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയാണ് ലഷ്‌കര്‍ ഇ തോയിബ ഭീകരരെ സഹായിച്ചു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ബഹ്‌റൈനില്‍ നിന്നും നിന്ന് നാട്ടിലെത്തിയശേഷം കീഴടങ്ങാനായി എറണാകുളം കോടതിയിലെത്തിയ റഹീമിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. റഹീമിനൊപ്പം ബഹ്‌റൈനില്‍ നിന്നെത്തിയതായിരുന്ന യുവതി. ബഹ്‌റൈനിലാണ് അബ്ദുല്‍ ഖാദര്‍ റഹീം ജോലി ചെയ്യുന്നത്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ റഹീം ആദ്യം മുതല്‍ നിഷേധിച്ചിരുന്നു.
താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയില്ലെന്നും റഹീം വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ താന്‍ രക്ഷപ്പെടുത്തി നാട്ടില്‍ കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും റഹീം വ്യക്തമാക്കിയിരുന്നു. ഭീകര ബന്ധമുള്ള ആറംഗ സംഘം ശ്രീലങ്കയില്‍ നിന്ന് ദക്ഷിണേന്ത്യയിലെത്തിയിട്ടുണ്ടെന്നും ഇതില്‍ മലയാളിയുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായതിനെ തുടര്‍ന്ന് തന്നെ പൊലീസ് തീവ്രവാദക്കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നുണ്ടെന്നും കോടതി മുഖേനെ കീഴടങ്ങാന്‍ അനുവദിക്കണമെന്നും ശനിയാഴ്ച കോടതിയില്‍ അഭിഭാഷകന്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ റഹീം ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി പരിഗണിക്കാനുള്ള നടപടികള്‍ സി.ജെ.എം കോടതിയില്‍ തുടരുന്നതിനിടെയാണ് പൊലീസ് കോടതിയില്‍ എത്തി റഹീമിനെ പിടികൂടി കൊണ്ടുപോയത്.