X

വിദേശത്ത് പോയി രക്ഷപ്പെടാന്‍ ഫിറോസ്;കേസുകള്‍ ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് ആഷിഖ്;തര്‍ക്കം കൊലപാതകത്തില്‍

പാലക്കാട് ഒറ്റപ്പാലം കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. ഫിറോസ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചത് ഇരുവരും തര്‍ക്കമുണ്ടാവാന്‍ കാരണമായി. തുടര്‍ന്നനുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന മോഷണക്കേസ് പ്രതിയുടെ മൊഴി. തുടര്‍ന്ന്് പൊലീസ് നടത്തിയ തിരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

2015ല്‍ ഓങ്ങല്ലൂര്‍ മൊബൈല്‍കടയില്‍ നടന്ന മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസി(25)നെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ (24) താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് പറഞ്ഞത്.

ആഷിഖിനെ കണ്ടെത്താനായി നടത്തിയ ചോദ്യംചെയ്യലിലാണ് പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ഇന്നലെ ഉച്ചയോടെ പൊലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചില്‍ ആരംഭിച്ചത്. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരശോധന നടത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ഒറ്റപ്പാലം ആര്‍.ഡി.ഒ.യും സ്ഥലത്തെത്തി. തുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍തന്നെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇത് ഇനി ആഷിഖന്റേതാണോ എന്നത് തിരിച്ചറയേണ്ടതുണ്ട്.

വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, 2021 ഡിസംബര്‍ 17ാം തീയതി മുതല്‍ ആഷിഖിനെ കാണാനില്ലെന്ന് നാട്ടുകാരും പറയുന്നുണ്ട്. മോഷണക്കേസില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ ആഷിഖ് വീട് വിട്ടിറങ്ങിയെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ യുവാവിനെ കാണാതായ സംഭവത്തില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നാണ് വിവരം. ഇരുവരും നിരവധികേസുകളില്‍ പ്രതികളാണ്.

Test User: