അഷ്‌റഫ് തൈവളപ്പ്
കൊച്ചി: സെമിഫൈനല്‍ സാധ്യത സജീവമാക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധത്തിലെ കുന്തമുനയും മാര്‍ക്വിയുമായ ആരോണ്‍ ഹ്യൂസിനെ വീണ്ടും നഷ്ടമാവും. അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനും ക്രൊയേഷ്യക്കെതിരെയുള്ള സൗഹാര്‍ദ മത്സരത്തിനുമുള്ള നോര്‍ത്തേണ്‍ അയര്‍ലാന്റ് ടീമില്‍ ഹ്യൂസിന് വീണ്ടും ഇടം ലഭിച്ചു. 25 അംഗം ടീമിനെയാണ് ദേശീയ കോച്ച് മൈക്കല്‍ ഒനെയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നവംബര്‍ 11നാണ് അസര്‍ബൈജാനെതിരെ ലോകകപ്പ് യോഗ്യത മത്സരം. 15ന് ക്രൊയേഷ്യക്കെതിരെ സൗഹാര്‍ദ മത്സരവും. കഴിഞ്ഞ മാസം ജര്‍മ്മനിക്കും, സാന്‍മറീനക്കുമെതിരെയുള്ള യോഗ്യത മത്സരത്തിനുള്ള ടീമില്‍ ഇടം നേടിയതിനാല്‍ രണ്ടു ഹോം മത്സരങ്ങള്‍ ഹ്യൂസിന് നഷ്ടമായിരുന്നു.
സാന്‍മറീനക്കെതിരെ സൈഡ് ബെഞ്ചിലിരുന്ന ഹ്യൂസ് ജര്‍മ്മനിക്കെതിരെ കളത്തിലിറങ്ങിയിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തിയ ഹ്യൂസിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാകും. അവസാന മത്സരത്തില്‍ ചെന്നൈയിനെതിരെ ഹ്യൂസ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളാണ് സമനിലയില്‍ അവരെ പിടിച്ചുകെട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്. മാത്രമല്ല, ഹ്യൂസ്-ഹെങ്ബാര്‍ത്ത് സഖ്യത്തിന് ഐ.എസ്.എല്‍ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ ജോഡിയെന്ന വിശേഷണവുമുണ്ട്.
കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയവുമായി 9 പോയിന്റോടെ ആറാം സ്ഥാനത്താണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് സിയില്‍ പെട്ട വടക്കന്‍ അയര്‍ലാന്റ് ടീമിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഓരോ ജയവും തോല്‍വിയും സമനിലയുമായി നാലു പോയിന്റുണ്ട്. മൂന്ന് മത്സരങ്ങളും ജയിച്ച ജര്‍മ്മനിയാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍. നാളെ ഡല്‍ഹിയില്‍ ഡൈനാമോസിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം. ഈ മത്സരത്തിന് ശേഷം ഹ്യൂസ് നാട്ടിലേക്ക് മടങ്ങാനാണ് സാധ്യത. എട്ടിന് ഗോവക്കെതിരെയും 11ന് ചെന്നൈയിനെതിരെയുമുള്ള ഹോം മത്സരങ്ങളില്‍ ഹ്യൂസിന്റെ സാനിധ്യമുണ്ടാവില്ല.