ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന കേന്ദ്രസര്‍ക്കാര്‍ നോട്ടീസിനെതിരെ ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ ആം ആദ്മി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നും ചേരിയില്‍ ജീവിക്കുന്നവരെ നീക്കംചെയ്യുമെന്ന ബിജെപിയുടെ ഭീഷണിപ്പെടുത്തല്‍ നിലനില്‍ക്കില്ലെന്നും ആം ആദ്മി പാര്‍ട്ടി വക്താവ് രാഘവ് ചന്ദ പറഞ്ഞു.
ചേരി നിവാസികളുടെ വീടുകൾ പൊളിച്ചുമാറ്റില്ലെന്നും, ജനങ്ങളെ ഭവനരഹിതരാക്കാനുള്ള ബിജെപിയുടെ പദ്ധതി വിജയിക്കില്ലെന്നും, ആര്‍ക്കും തങ്ങളുടെ വീട് നഷ്ടമാകില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ പാര്‍ട്ടി നടത്തി വരികയാണെന്നും, ഒരു മാസത്തിനുള്ളില്‍ ചേരി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആം ആദ്മി സുപ്രീം കോടതിയില്‍ പോകുമെന്നും, രാഘവ് ചന്ദ വ്യക്തമാക്കി.
ഈ നോട്ടിസ് മനുഷ്യത്വ വിരുദ്ധവും നിയമവിരുദ്ധവുമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണ്, ഓരോ പൗരനും അന്തസ്സോടെ ജീവിതം നയിക്കാന്‍ അനുവദിക്കുന്നതാണ് നമ്മുടെ ഭരണഘടന, ചന്ദ കൂട്ടിച്ചേര്‍ത്തു.
അതേസമയം ആം ആദ്മി പാര്‍ട്ടി ബി.ജെ.പിക്കെതിരായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒഴിഞ്ഞു പോകണമെന്ന് സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരുന്നെന്നും ബി.ജെ.പി പ്രതികരിച്ചു. ചദ്ദയുടെ വാദം വ്യാജവും വഞ്ചനാപരവുമാണെന്ന് ഡല്‍ഹി ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ പറഞ്ഞു.
ഡല്‍ഹി റെയില്‍വേ ട്രാക്കിന് സമീപമുള്ള 48,000 ചേരികള്‍ മൂന്ന് മാസത്തിനുള്ളില്‍ ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി സെപ്തംബര്‍ മൂന്നിന് ഉത്തരവ് ഇറക്കിയിരുന്നു. ബുധനാഴ്ച്ച വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര അടങ്ങുന്ന ബെഞ്ച് നേരത്തെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയിരുന്നു. റെയില്‍വേ ട്രാക്കിനു സമീപത്തെ ചേരികള്‍ ഒഴിപ്പിക്കുന്നതില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇടപെടല്‍ ഉണ്ടാകാന്‍ പാടില്ലെന്നും നേരത്തെ അരുണ്‍ മിശ്രയുടെ നേതൃത്വത്തലുള്ള ബെഞ്ച് അറിയിച്ചിരുന്നു.