X

മോദിയുടെ പ്രഖ്യാപനം കോമാളിത്തം; വെളിപ്പെടുത്തേണ്ടത് നോട്ട് നിരോധനത്തിനു മുന്നത്തെ ബാങ്കിടപാടുകള്‍: ആപ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി.  നവംബര്‍ എട്ടിനു മുമ്പേ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ‘അറിയേണ്ടവരെ’ ഒക്കെ അറിയിച്ചിരുന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്നും മുതിര്‍ന്ന ആപ് നേതാവ് അശുതോഷ് ആരോപിച്ചു. മോദിയുടെ പ്രഖ്യാപനം കോമാളിത്തം ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

‘മോദി നല്ലൊരു മാനേജറാണ്. ഈ പ്രഖ്യാപനം ഒരു കോമാളിത്തമാണ്. (അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍) അമിത് ഷാക്ക് എന്തധികാരമാണുള്ളത്? വിവരങ്ങള്‍ ബോധിപ്പിക്കേണ്ടത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനു മുന്നിലാണ്. ഇതിന്റെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുകയും വേണം…’

‘നവംബര്‍ എട്ടിനു മുമ്പു തന്നെ നോട്ട് പിന്‍വലിക്കാന്‍ പോകുന്നു എന്നതിനെപ്പറ്റിയുള്ള വിവരം ബി.ജെ.പി നേതാക്കള്‍ക്കു കിട്ടിയിരുന്നു. നവംബര്‍ എട്ടിനു മുമ്പത്തെ ആറു മാസങ്ങളിലെ ഇടപാടുകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയാലേ യഥാര്‍ത്ഥ ചിത്രം വ്യക്തമാവൂ…’ അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനം സംബന്ധിച്ച് ബി.ജെ.പി അംഗങ്ങള്‍ക്കും ബി.ജെ.പിയുമായി ബന്ധമുള്ള വ്യവസായങ്ങള്‍ക്കും നേരത്തെ അറിവുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിന് മറുപടി എന്ന നിലയില്‍ പാര്‍ട്ടി ജനപ്രതിനിധികളുടെ ബാങ്ക് ഇടപാടുകളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താനാണ് ബി.ജെ.പിയുടെ തീരുമാനം. അതേസമയം, നവംബര്‍ എട്ടിനു ശേഷം മാത്രമുള്ള ഇടപാടുകള്‍ പരസ്യപ്പെടുത്തുന്നതില്‍ എന്തുകാര്യം എന്ന സംശയം ഉയരുന്നുണ്ട്.

chandrika: