ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയും അണ്ണാ ഹസാരയുടെ അഴിമതിക്കെതിരായ ഇന്ത്യ എന്ന (ഐഎസി) യും ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവെച്ച പരിപാടിയാണെന്ന് വ്യക്തമായതായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം പുറത്തുവന്ന ആം ആദ്മി പാര്‍ട്ടി സ്ഥാപക നേതാവും പൗരാവകാശ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷന്റെയും പിതാവ് ശാന്തി ഭൂഷന്റെയും അഭിമുഖ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
”ജനാധിപത്യത്തെ അട്ടിമറിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനുമുള്ള ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമായിരുന്നു ആം ആദ്മിയും ഐഎസിയുമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന വന്ന റിപ്പോര്‍ട്ട് പങ്കുവച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
”ഞങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ ആം ആദ്മി സ്ഥാപക അംഗം സ്ഥിരീകരിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാനും യുപിഎ സര്‍ക്കാരിനെ താഴെയിറക്കാനും ഐഎസി പ്രസ്ഥാനത്തേയും ആം ആദ്മി പാര്‍ട്ടിയേയും ബിജെപിയും ആര്‍എസ്എസും മുന്നോട്ടുവച്ചു, ”രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അഴിമതിക്കെതിരായ ഇന്ത്യ എന്ന മുദ്രാവാക്യവുമായി ഈ രണ്ടു നീക്കങ്ങളും വന്നത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുകയാണുണ്ടായത്.
അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന അഴിമതി വിരുദ്ധ സമരം യുപിഎ സര്‍ക്കാറിനെതിരെ അട്ടിമറിക്കാനുള്ള ബി.ജെ.പി-ആര്‍എസ്എസ് ശ്രമമായിരുന്നെന്നാണ് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും സമര നേതൃത്വത്തിലുണ്ടായിരുന്ന വ്യക്തിയുമായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. ഇന്ത്യാ ടുഡേയുടെ ഇന്ത്യ ടുമാറോ പ്രോഗ്രാമിന്റെ പുതിയ എപ്പിസോഡില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേസായിയുമായുള്ള അഭിമുഖത്തിലാണ് അണ്ണാ ഹസാരെ സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ ആക്ടിവിസ്റ്റ് കൂടിയായ പ്രശാന്ത് ഭൂഷണ്‍ വെളിപ്പെടുത്തിയത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമമന്ത്രിയുമായ പിതാവ് ശാന്തി ഭൂഷനും അഭിമുഖത്തില്‍ പങ്കാളിയായിരുന്നു.
അണ്ണാ ഹസാരയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെക്കുറിച്ച് കോണ്‍ഗ്രസ് ആദ്യമുതല്‍ ഉന്നയിച്ച കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരുന്നു ഇരുവരുടേയും വെളിപ്പെടുത്തല്‍.
സമരത്തിന് പിന്നില്‍ ബി.ജെ.പി-ആര്‍എസ്എസ് ആയിരുന്നതിന് അന്ന് തനിക്ക് അറിവില്ലായിരുന്നു. എന്നാല്‍ ഇന്നെനിക്ക് കാര്യങ്ങള്‍ വ്യക്തമാണ്. അണ്ണാ ഹസാരെ ഈ മുതലെടുപ്പ് അറിവില്ലെന്നാണ് തോന്നുന്നത്. എന്നാല്‍ അരവിന്ദ് കെജരിവാള്‍ അങ്ങനെയല്ല. ആര്‍എസ്എസുമായുള്ള ബന്ധം കെജ്രിവാളിന്റെ അറിവോടെയാണ്. അത് കൂടുതല്‍ വ്യക്തമനാക്കുന്നതാണ് നിലവിലെ കാര്യങ്ങളെന്നും, പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.