X
    Categories: indiaNews

കോവിഡ്; രാജ്യവ്യാപകമായി ‘ഓക്‌സിജന്‍ പരിശോധന’ നടത്തും

ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഓക്‌സിജന്‍ പരിശോധന നടത്താനൊരുങ്ങി ആംആദ്മിപാര്‍ട്ടി. ഇതിനായി രാജ്യത്തെ ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് എഎപിയുടെ തീരുമാനം. ആംആദ്മി പ്രവര്‍ത്തകര്‍ മുന്‍കൈ എടുത്തായിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.

രാജ്യവ്യാപകമായി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കേരളത്തിലെ പരമാവധി ഗ്രാമങ്ങളിലും വാര്‍ഡുകളിലും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.ടി തുഫൈല്‍ പറഞ്ഞു. ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ തയ്യാറായിട്ടുള്ള സന്നദ്ധപ്രവര്‍ത്തകരുള്ള വാര്‍ഡുകളുടെ പട്ടിക ദേശീയനേതൃത്വത്തിന് ഉടന്‍ നല്‍കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ‘ഓക്‌സി മിത്ര’യുള്ള വാര്‍ഡുകളില്‍ ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങുമെന്നും തുഫൈല്‍ വ്യക്തമാക്കി.

എല്ലാ ഗ്രാമങ്ങളിലും ഓക്‌സിജന്‍ പരിശോധനക്കായി ഒരു ‘ഓക്‌സി മിത്ര’ വേണമെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദ്ദേശം. ഗ്രാമങ്ങളില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന ബൂത്തുകള്‍ ഏറ്റെടുക്കണമെന്നാണ് കെജ്‌രിവാള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതും. ഓരോ പ്രദേശത്തെയും ഓക്‌സിജന്‍ അളവ് പരിശോധിക്കുന്നതിനായി ഉത്തരവാദപ്പെട്ട ഒരാളെ നിയോഗിക്കും. ഇവര്‍ക്ക് അവരുടെ വീടിനു മുന്നില്‍ ഓക്‌സിജന്‍ ടെസ്റ്റിംഗ് സെന്റര്‍ എന്ന് ബോര്‍ഡ് വെയ്ക്കാവുന്നതാണ്. ആളുകള്‍ക്ക് ഇവിടെയെത്തി അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ആളുകള്‍ക്ക് ഇത് സംബന്ധിച്ച ലഘുലേഖകളും ഇവര്‍ നല്‍കും.

കോവിഡ് സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആളുകള്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ കോവിഡ് സെന്ററുകളില്‍ പോയി പരിശോധനയ്ക്ക് വിധേയമാകണം. എന്നാല്‍, ചില സംസ്ഥാനങ്ങളില്‍ പരിശോധനാഫലം ലഭിക്കാന്‍ കുറച്ചധികം സമയമെടുക്കും. ഈ സാഹചര്യത്തില്‍ ആളുകള്‍ക്ക് അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കാവുന്നതാണ്. ഓക്‌സിജന്‍ ലെവല്‍ 95ലും താഴെയാണെങ്കില്‍ അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ടതാണ്. ഇത്തരത്തില്‍ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നാണ് ഈ പദ്ധതിയിലൂടെ എഎപി ലക്ഷ്യമിടുന്നത്.

ആം ആദ്മി പാര്‍ട്ടി വോളണ്ടിയര്‍മാര്‍ ഉള്ള ഗ്രാമങ്ങളില്‍ അവര്‍ തന്നെ ആയിരിക്കും ഓക്‌സിജന്‍ പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്‍കൈ എടുക്കുക. പക്ഷേ, ജില്ലാ ചുമതലയുള്ള നേതാക്കളും മണ്ഡലത്തിന്റെ ചുമതലയുള്ള നേതാക്കളും എല്ലാ ഗ്രാമങ്ങളും സന്ദര്‍ശിക്കും.

chandrika: