ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് നവീന്‍ ദാസിനെ(25) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ പിടിയില്‍. കേസില്‍ നവീന്‍ദാസിന്റെ സ്വവര്‍ഗ പങ്കാളിയായ ത്വയിബ് ഖുറേഷി (25), ഇയാളുടെ സഹോദരന്‍ താലിബ് ഖുറേഷി, സുഹൃത്ത് സമര്‍ഖാന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹിയില്‍വച്ച് നടന്ന സ്വവര്‍ഗാനുരാഗികളുടെ പാര്‍ട്ടിയില്‍ വച്ചാണ് നവീന്‍ദാസും ത്വയിബ് ഖുറേഷിയും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യാറുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥിരമായി താമസിക്കണമെന്ന് നവീന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ സ്വകാര്യദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തുന്നത്.
ഒക്ടോബര്‍ നാലിനാണ് കൊലപാതകം നടന്നത്. അന്ന് രാത്രി ത്വയിബ് നവീന്‍ദാസിനെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചിരുന്നു. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ നവീന് ഹല്‍വയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കാറില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നു. കാറില്‍ സീറ്റിലിരുത്തി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. അതിനിടയില്‍ മൂവരും ചേര്‍ന്ന് നവീനിന്റെ അകൗണ്ടില്‍ നിന്ന് ഏഴ് ലക്ഷത്തോളം രൂപ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.