X
    Categories: Video Stories

കേജ്രിവാളിനെ അട്ടിമറിക്കാന്‍ കുമാര്‍ വിശ്വാസ് ഗൂഢാലോചന നടത്തുന്നു: ആം ആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ വിമത നേതാവ് കുമാര്‍ വിശ്വാസിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതായി ആം ആദ്മി പാര്‍ട്ടി. കവിയും പ്രഭാഷകനുമായ കുമാര്‍ വിശ്വാസും കപില്‍ മിശ്രയും ചേര്‍ന്ന് പാര്‍ട്ടിയെ അപായപ്പെടുത്താനുള്ള ശ്രമം നടത്തുന്നതായി എ.എ.പി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് ആരോപിച്ചു.

തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കുമാര്‍ വിശ്വാസ് ബുധനാഴ്ച കേജ്രിവാളിനെതിരെ ഗുരതര ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. സത്യം തുറന്നു പറഞ്ഞതിനാല്‍ മാത്രമാണ് തനിക്ക് രാജ്യസഭാ ടിക്കറ്റ് നല്‍കാതിരുന്നതെന്നും കേജ്രിവാള്‍ പാര്‍ട്ടിയില്‍ ഏകാധിപത്യ പ്രവണത വളര്‍ത്തുകയാണെന്നും വിശ്വാസ് ആരോപിച്ചു.

ഏപ്രിലില്‍ നടന്ന ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ വിശ്വാസ് ഗൂഢാലോചന നടത്തിയെന്നും ഡല്‍ഹി സര്‍ക്കാറിനെതിരെ താഴെയിറക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും ഗോപാല്‍ റായ് ആരോപിച്ചു. വീഡിയോയില്‍ ഡല്‍ഹിയില്‍ അഴിമതി നടക്കുന്നതായും ഇതിനെതിരെ പ്രതികരിക്കണമെന്നും വിശ്വാസ് ആവശ്യപ്പെട്ടിരുന്നു.

സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരെയാണ് രാജ്യസഭാ സീറ്റിനായി എ.എ.പി നാമനിര്‍ദേശം ചെയ്തത്. ഇതില്‍ രണ്ടു പേര്‍ രാഷ്ട്രീയ പരിചയമില്ലാത്ത ബിസിനസുകാരാണ്. കേജ്രിവാള്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: