മീഡിയന്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരാമര്‍ശം നടത്തിയതിന് രാജ്യത്തെ പ്രധാനപ്രതിപക്ഷപാര്‍ട്ടിയുടെ പ്രധാന നേതാവിനെ അറസ്റ്റ് ചെയ്ത പൊലീസ് എന്താണ് ലക്ഷ്യമിടുന്നത്. ആരാണിതിന് പിന്നില്‍. ഇതോടെ ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ചെറുതായിപ്പോയില്ലേ. കഴിഞ്ഞദിവസം പത്രസമ്മേളനത്തിനിടയിലാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പ്രധാനമന്ത്രിയെ പരിഹസിച്ചത്. മോദിയെ നരേന്ദ്രദാമോദര്‍ദാസ് മോദിയെന്നതിന് പകരം നരേന്ദ്രഗൗതം ദാസ് മോദിയെന്നാണ് ഖേര വിശേഷിപ്പിച്ചത്. രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചയായി പരക്കെ അറിയപ്പെടുന്നതാണ് പ്രധാന വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ആരോപണങ്ങളും. അമേരിക്കന്‍ കമ്പനി ഹിന്‍ഡന്‍ബെര്‍ഗ് പുറത്തുകൊണ്ടുവന്ന തട്ടിപ്പുകളാണ് അദാനിയുടെ വിലയിടിച്ചത്. ഇന്ത്യയിലെ മൂന്നാം സ്ഥാനത്തുനിന്ന് ഇപ്പോള്‍ അദാനിയുടെ സ്ഥാനം 25-ാം സ്ഥാനത്താണ്. എന്നാല്‍ ഇതേക്കുറിച്ച് സര്‍ക്കാരിന് അനക്കമില്ലെന്ന ്മാത്രമല്ല, പ്രധാനമന്ത്രിയോ സര്‍ക്കാരിലെ മറ്റ് ഉന്നതരോ കമാന്നൊരക്ഷരം ഉരിയാടുന്നുമില്ല. പാര്‍ലമെന്റില്‍ പ്രതിപക്ഷം തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാനായി പ്രശ്‌നം ചര്‍ച്ചക്കെടുക്കാനാവശ്യപ്പെട്ടപ്പോഴെല്ലാം ഭരണപക്ഷമായ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ച് വിഷയം തണുപ്പിക്കാനാണ ്ശ്രമിക്കുന്നത്. സ്വാഭാവികമായും കോണ്‍ഗ്രസ് വക്താക്കളും നേതാക്കളും ഇതേക്കുറിച്ച് പുറത്ത് പ്രതിഷേധിക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ഖേര നടത്തിയ പരാമര്‍ശത്തില്‍പിടിച്ച് അദ്ദേഹത്തെ വിമാനത്തില്‍വെച്ച് നാടകീയമായി പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് എന്ത് ജനാധിപത്യമാണെന്നാണ ്ജനം അത്ഭുതപ്പെടുന്നത്.
ഇത്തരത്തില്‍ എത്രയോ തവണ മുന്‍പ്രധാനമന്ത്രിമാര്‍ക്ക് നേരെ ഇതേ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനവും പരിഹാസവും ഉന്നയിച്ചിട്ടുണ്ട്. അടുത്തകാലം വരെ രാഹുല്‍ഗാന്ധിയെ പപ്പു എന്നാണ് ബി.ജെ.പി നേതാക്കള്‍ തുടരെത്തുടരെ പരിഹസിച്ച് വിളിച്ചിരുന്നത്. മുമ്പ് ഇന്ദിരാഗാന്ധിയെ ദുര്‍ഗയെന്ന് വിളിച്ചാക്ഷേപിച്ചതും ഇന്നത്തെ ഭരണപക്ഷക്കാരാണ്. രാജീവിനെയും സോണിയാഗാന്ധിയെയും ഇത്തരത്തില്‍ ബി.ജെ.പിക്കാര്‍ പരിഹസിച്ച് അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ മോദിയെ പേര് മാറ്റി വിളിച്ചുവെന്നതിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന ആസാമില്‍നിന്ന് പൊലീസിനെ വരുത്തി അറസ്റ്റ് ചെയ്യുന്നത് ഉത്തരകൊറിയയെ ആണ് ഓര്‍മപ്പെടുത്തുന്നത്. മുമ്പൊരിക്കലും ഇത്തരത്തിലൊരു സംഭവം രാജ്യത്ത് കേട്ടുകേള്‍വിയില്ല . അതും കോണ്‍ഗ്രസിന്റെ പ്രധാന ദേശീയ സമ്മേളനത്തിലേക്ക് നേതാക്കളോടൊപ്പം പോകവെയാണ് അറസ്‌റ്റെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ മകളുടെ പേര് മറ്റാര്‍ക്കും വേണ്ടെന്ന് അദ്ദേഹം ഉത്തരവിട്ടതായി ആ രാജ്യത്തുനിന്ന് വാര്‍ത്ത വന്നത്. ഇനിയധികം നാളില്ല, ഗൗതം മോദി, സോറി, ദാമോദര്‍ദാസ് മോദി എന്ന പേര് ഇന്ത്യയിലെ മറ്റൊരാള്‍ക്കും പാടില്ലെന്ന് ഉത്തരവിറങ്ങാനെന്ന് തോന്നുന്നു! ഇന്ത്യയുടെ ഫ്രീഡം സൂചിക 189 രാജ്യങ്ങളില്‍ 150 ആണെന്ന് കണ്ടെത്തിയിരിക്കവെയാണീ സംഭവം. ഇനി ഇതിലും താഴേക്കാകുമോ പോക്ക്?