X

ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച; ആമിര്‍ ഖാനെ രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലിലാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: തുര്‍ക്കി പ്രഥമ വനിത ആമിന എര്‍ദോഗനുമായി കൂടിക്കാഴ്ച നടത്തിയ ബോളിവുഡ് താരവും സംവിധായകനുമായ ആമിര്‍ ഖാന്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയില്‍ തിരിച്ചെത്തുന്ന ആമിര്‍ ഖാനെ കോവിഡ് -19 ചട്ടപ്രകാരം രണ്ടാഴ്ചത്തേക്ക് സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിരീക്ഷത്തിലാക്കണമെന്നാണ്, രാജ്യസഭാ എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെടുന്നത്.

കൂടിക്കാഴ്ചയോടെ നേരത്തെ തന്നെ പ്രതികരിച്ച രാജ്യസഭാ എംപി നടനെ പരിഹസിച്ചിരുന്നു. തുര്‍ക്കിയുടെ നടപടികള്‍ ഇന്ത്യാ വിരുദ്ധമാണെന്നും പ്രഥമ വനിതയെ കാണുമ്പോള്‍ ആമിര്‍ ഖാന്‍ എംബസി ആളുകളെ അറിയിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചു. മൂന്ന് ഖാന്‍ മസ്‌ക്കറ്റീയര്‍മാരില്‍ ഒരാളായി ആമിര്‍ ഖാനെ തരംതിരിക്കുന്നത് ശരിയാണെന്നും രാജ്യസഭാ എംപി കുറ്റപ്പെടുത്തി.

ടോം ഹാങ്ക്സിന്റെ ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ ഔദ്യോഗിക റീമേക്കായ ‘ലാൽ സിംഗ് ചദ്ദ’ യുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഖാന്‍ തുര്‍ക്കിയിലെത്തിയത്‌. ഓഗസ്ത് 15 ന്  ഇസ്താംബൂളിലെത്തിയ ആമിര്‍ ഖാന്‍ തുര്‍ക്കിയുടെ പ്രഥമ വനിത ആമിന എര്‍ദ്വോഗനുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി സംഘ്പരിവാര്‍ പ്രചാരകരും വിവാദമാക്കിയിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എര്‍ദ്വോഗന്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച വിവാദമാകുന്നത്. നിരവധി തവണ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ എര്‍ദ്വാഗന്റെ രാജ്യത്തെത്തി, അവരുടെ ക്ഷണം സ്വീകരിച്ച് പ്രഥമ വനിതയെ സന്ദര്‍ശിച്ചത് ശരിയായില്ല എന്നാണ് ഒരു കൂട്ടരുടെ വാദം. മറ്റൊരു വിഭാഗം, ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ‘ലാല്‍ സിംഗ് ചദ്ദ’ ബഹിഷ്‌കരിക്കണം എന്നാണ് ആഹ്വാനം ചെയ്യുന്നത്.

ശനിയാഴ്ചയാണ് പ്രസിഡന്റിന്റെ വസതിയായ ഇസ്താംബൂളിലെ ഹുബര്‍ മാന്‍ഷനില്‍ എത്തി ആമിര്‍ ഖാന്‍ ആമിനയെ സന്ദര്‍ശിച്ചത്. ഇന്ത്യയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതിനായി താനും ഭാര്യയും സ്ഥാപിച്ച വാട്ടര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള സാമൂഹിക ഉത്തരവാദിത്ത പദ്ധതികളെക്കുറിച്ച് ആമിര്‍ഖാന്‍ വിശദീകരിച്ചു. 2017ല്‍ ആരംഭിച്ച ‘സീറോ വേസ്റ്റ് പ്രോജക്റ്റിന്റെ’ ഏറ്റവും പ്രധാനപ്പെട്ട രക്ഷാധികാരിയും പൊതുമുഖവുമായ ആമിന ഉര്‍ദുഗാന്റെ മേല്‍നോട്ടത്തില്‍ നടപ്പാക്കി വരുന്ന പ്രധാനപ്പെട്ട സാമൂഹിക പദ്ധതികളേയും മാനുഷിക സഹായ പ്രവര്‍ത്തനങ്ങളേയും ആമിര്‍ഖാന്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു. ഖാന്റെ അഭ്യര്‍ഥന പ്രകാരമായി നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ എമിൻ എര്‍ദ്വാഗൻ ട്വിറ്ററിൽ പങ്കുവച്ചു.

chandrika: