ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് രാജ്യസഭാംഗമായേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിനു പിന്നാലെയാണ് ഹര്‍ഭജനെ രാജ്യസഭയിലേക്ക് അയയ്ക്കുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നത്.
സംസ്ഥാനത്ത് ആകെയുള്ള ഏഴ് രാജ്യസഭാ അംഗങ്ങളില്‍ അടുത്ത മാസം കാലാവധി അവസാനിക്കുന്ന അഞ്ച് പേരുടെ ഒഴിവിലേക്ക് ഈ മാസം 31നാണ് തിരഞ്ഞെടുപ്പ്. അവശേഷിക്കുന്ന രണ്ട് സീറ്റുകളുടെ കാലാവധി ജൂലൈയിലാണ് അവസാനിക്കുന്നത്. നിലവില്‍ ആംആദ്മി പാര്‍ട്ടിക്ക് രാജ്യസഭയില്‍ മൂന്ന് അംഗങ്ങളാണുള്ളത്.
അതേസമയം, പഞ്ചാബില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട കായിക സര്‍വകലാശാലയുടെ തലവനായി 41 കാരനായ ഹര്‍ഭജനെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മാര്‍ച്ച് 10ന് ഭഗ്‌വന്ത് മന്നിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ അധികാരം നേടിയപ്പോള്‍, അഭിനന്ദനവുമായി ആദ്യം രംഗത്തെത്തിയവരുടെ കൂട്ടത്തില്‍ ഹര്‍ഭജനുണ്ടായിരുന്നു.
‘ആംആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങള്‍. പഞ്ചാബ് മുഖ്യമന്ത്രിയാകുന്ന എന്റെ പ്രിയ സുഹൃത്ത് ഭഗ്‌വന്ത് മന്നിനും അഭിനന്ദനങ്ങള്‍. ഭഗത് സിങിന്റെ പൂര്‍വിക ഗ്രാമമായ ഖട്കര്‍ കലാനില്‍വച്ചാണ് താങ്കള്‍ സ്ഥാനമേല്‍ക്കുന്നതെന്ന് അറിഞ്ഞതില്‍ സന്തോഷം’- ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും ഹര്‍ഭജന്‍ വിരമിച്ചത്. 2011 ഏകദിന ലോകകപ്പും 2007 ട്വന്റി20 ലോകകപ്പും നേടിയ ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു ഭാജി.